പുതുവൈപ്പ് സമരം: പൊലീസ് നടപടിയെ വിമര്‍ശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ


തിരുവനന്തപുരം: പുതുവൈപ്പിലെ ജനകീയ സമരത്തിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. പൊലീസ് നടപടി അങ്ങേയറ്റം തെറ്റാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സ്ഥലത്തെ ഐഒസി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമരക്കാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന പൊലീസ് ആരോപണം സര്‍ക്കാര്‍ ഇപ്പോള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞതെന്നും തെളിവുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സമരക്കാര്‍ക്കെതിരായ പൊലീസിന്റെ കിരാത നടപടി സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇത് മനസിലാക്കി സ്ഥലം എംഎല്‍എ കൂടിയായ എസ് ശര്‍മ സമരക്കാരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി എറണാകുളം ജില്ലാകമ്മറ്റിയും പൊലീസ് നടപടിയെ തള്ളിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജീവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ജനകീയ സമരങ്ങളോട് എന്ത് നിലപാട് കൈക്കൊള്ളണമെന്ന ധര്‍മസങ്കടത്തിലാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വം. വെള്ളിയാഴ്ച നഗരത്തില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അടുത്ത ദിവസം മെട്രോ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ വികസനത്തെ കുറിച്ചുള്ള തന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വികസനത്തിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ വരുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും അതിന് ശേഷവും എതിര്‍പ്പുമായി വന്നാല്‍ സര്‍ക്കാര്‍ അത് പരിഗണിക്കാതെ മുന്നോട്ട് പോകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതിന് തൊട്ടടുത്ത ദിവസവും സമരക്കാര്‍ക്ക് നേരെ പൊലീസിന്റെ ക്രൂരത നടമാടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top