ഓവലില്‍ പാകിസ്താന്റെ പടയോട്ടം: തകര്‍ന്നടിഞ്ഞു ഇന്ത്യയും കിരീട മോഹങ്ങളും

ഓവല്‍: ഓവലിലെ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ ചിര വൈരികളായ പാകിസ്താന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ തരിപ്പണമാക്കി പാകിസ്താന്‍ കിരീടത്തില്‍ മുത്തമിട്ടു. പാകിസ്താന്‍ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 158 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍,  ഹസന്‍ അലി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാന്‍ എന്നിവരാ ഇന്ത്യയെ തകര്‍ത്തത്.

പാകിസ്താന്റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. ഫൈനലിലെത്തിയ ആദ്യവട്ടം തന്നെ അവര്‍ കിരീടമത്തില്‍ മുത്തമിട്ടു. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഒരു സുപ്രധാന ഐസിസി കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുന്‍പ് 2009 ലെ ട്വന്റി20 ലോകകപ്പാണ് പാകിസ്താന്‍ സ്വന്തമാക്കിയ പ്രധാന കിരീടം. സെഞ്ച്വറിയോടെ പാക് ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന ഫഹര്‍ സമാനാണ് കളിയിലെ താരം. ഇതോടെ ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ മൂന്ന് പ്രധാന കിരീടങ്ങളും നേടിയ ടീമെന്ന ബഹുമതി പാകിസ്താനും സ്വന്തമാക്കി.

ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പരമ്പരയിലെ മികച്ച ബാറ്റ്‌സ്മാന്‍. അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 336 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്.

സ്‌കോര്‍: പാകിസ്താന്‍ 50 ഓവറില്‍ നാലിന് 338; ഇന്ത്യ 30.3 ഓവറില്‍ 158 ന് ഓള്‍ഔട്ട്‌. ഒറ്റയാള്‍ പോരാട്ടം നടത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്. പാക് ബൗളിംഗിനെ കടന്നാക്രമിച്ച പാണ്ഡ്യ 43 പന്തില്‍ 76 റണ്‍സെടുത്തു. ആറ് പടുകൂറ്റന്‍ സിക്‌സറുകളും നാല് ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ കാമിയോ.

മുന്‍കാല മേധാവിത്വങ്ങളുടെ വീരവാദത്തിന്റെ അകമ്പടിയോടെ ഫൈനലിനിറങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും മേധാവിത്വം പുലര്‍ത്താനായില്ല. ടോസ് മാത്രമാണ് ഇന്ത്യയ്ക്ക് അനുകൂലമായി നിന്നത്. എന്നാല്‍ ആ ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയ്ക്ക് ആയതുമില്ല. ഇന്ത്യയുടെ ക്ഷണപ്രകാരം ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചത് 338 റണ്‍സ്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ അത് വലിയ സ്‌കോര്‍ ആയിരുന്നില്ല. എന്നാല്‍ ആദ്യ ഓവറിന്റെ മൂന്നാം പന്തുമുതല്‍ ഇന്ത്യയുടെ വിക്കറ്റ് പിഴുത് തുടങ്ങിയ പാക് ബൗളര്‍മാര്‍ വെറും 29 ഓവറില്‍ ഇന്ത്യയുടെ പുകള്‍പെറ്റ ബാറ്റിംഗ് നിരയെ കൂടാരം കയറ്റി.

ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം പ്രകടിപ്പിച്ചിരുന്ന ഓപ്പണിംഗ് സഖ്യവും ക്യാപ്റ്റന്‍ കോഹ്‌ലിയും എല്ലാം വന്നതിലും വേഗം ക്രീസില്‍ നിന്ന് മടങ്ങി. അംഗീകൃത ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. ഓപ്പണര്‍ ധവാനും (21) യുവരാജ് സിംഗും (22). രോഹിത് ശര്‍മ (0), ക്യപ്റ്റന്‍ കോഹ്‌ലി (5), ധോണി (4), കേദാര്‍ ജാദവ് (9) എന്നവരുടെ ആകെ സമ്പാദ്യം 20 ല്‍ താഴെ. ജഡേജ (15), അശ്വിന്‍ (1), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

നേരത്തെ ബാറ്റ്‌സ്മാന്‍മാരുടെ അസാമാന്യ പ്രകടനമാണ് പാകിസ്താന് കൂറ്റന്‍സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഫഹര്‍ സമാന്‍ (114) മുന്നില്‍ നിന്ന് നയിച്ച ഇന്നിംഗ്‌സില്‍ അസര്‍ അലി (59), ബാബര്‍ അസം (46), മുഹമ്മദ് ഹഫീസ് (37 പന്തില്‍ 57) എന്നിവര്‍ പങ്കുചേര്‍ന്നതോടെ സ്വപ്‌നതുല്യമായ സ്‌കോറാണ് പാകിസ്താന് ലഭിച്ചത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. പത്തോവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 44 റണ്‍സ് വിട്ടുനല്‍കിയ ഭുവി ഒരു വിക്കറ്റെടുത്തു. ബൂമ്‌റ തന്റെ രണ്ടാം ഓവറില്‍ വിക്കറ്റെടുത്തെങ്കിലും അത് നോബോള്‍ ആയിരുന്നു. പിന്നീട് ബൂമ്‌റയും അശ്വിനും ജഡേജയുമെല്ലാം ശരിക്കും തല്ലുവാങ്ങി. ബൂമ്‌റ ഒമ്പതോവറില്‍ 68 ഉം അശ്വിന്‍ പത്തോവറില്‍ 7036 ഉം വിട്ടുകൊടുത്തു. ജഡേജയുടെ എട്ടോവറില്‍ 67 റണ്‍സാണ് അടിച്ചെടുത്തത്. ഭുവനേശ്വര്‍ കുമാറിന് പുറമെ പാണ്ഡ്യെയും കേദാര്‍ ജാദവും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

DONT MISS
Top