ഇന്തോനേഷ്യയില്‍ ഇന്ത്യയുടെ ‘ശ്രീ’; സൂപ്പര്‍ സീരീസ് കിരീടത്തില്‍ കെ ശ്രീകാന്ത് മുത്തമിട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടത്തില്‍ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് മുത്തമിട്ടു. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്റെ കസുമാസ സകായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11, 21-19.

ശ്രീകാന്തിന്റെ രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ബഹുമതിയും ശ്രീകാന്ത് സ്വന്തമാക്കി. വിജയിയായ ശ്രീകാന്തിന് ആറ് കോടി 44 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ച മികച്ച പ്രകടനം കലാശപ്പോരാട്ടത്തിലും ആവര്‍ത്തിച്ചാണ് ശ്രീ തന്റെ കിരീടനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പൂര്‍ണ ആധിപത്യത്തോടെയായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ ഗെയിമില്‍ മികച്ച ലീഡോടെ മുന്നേറിയ ശ്രീ 21-11 നാണ് ഗെയിം സ്വന്തമാക്കിയത്. 4-6 നും 8-11 നും ലീഡെടുത്ത ശ്രീ തുടര്‍ന്ന് ലീഡ് 18-9 ആക്കി ഉയര്‍ത്തി. പിന്നീട് വെറും 2 പോയിന്റുകള്‍ കൂടി വിട്ടുനല്‍കി ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ കസുമാസ പിടിമുറുക്കുന്നതാണ് കണ്ടത്. തുടക്കത്തില്‍ 5-3 നും 11- 6നും ലീഡെടുത്ത ജപ്പാന്‍ താരം ഗെയിം അനായാസം സ്വന്തമാക്കുമെന്ന തോന്നലുണ്ടാക്കി. എന്നാല്‍ അവിടെ നിന്ന് തിരിച്ചടിച്ച ശ്രീ സ്‌കോര്‍ 15-15 ല്‍ ഒപ്പമാക്കി. പിന്നീട് ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പോരാടി ഓരോ പോയിന്റും സ്വന്തമാക്കി. സ്‌കോര്‍ 18-18 ലും 19-19 ലും എത്തി. മനസാന്നിധ്യം കൈവിടാതെ പോരാടിയ ശ്രീ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ഗെയിമും കിരീടവും കൈപ്പിടിയിലൊതുക്കി.

കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പര്‍ താരത്തെ മുട്ടുകുത്തിച്ചാണ് ശ്രീകാന്ത് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സണ്‍ വാന്‍ ഹുവിനെതിരെ ഒരു മണിക്കൂറും 12 മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയം കണ്ടത്. സ്‌കോര്‍ 21-15, 14-21, 24-22.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top