സംസ്ഥാനത്ത് പനി പടരുന്നു; മലബാറില്‍ പനിബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച പനി നിയന്ത്രിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഏഴു പേരാണ് മരിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് നാല് പേര്‍ മരിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണം അവതാളത്തിലായതാണ് പകര്‍ച്ച പനിവ്യാപകമാകന്‍ കാരണം.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത് കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലാണ്. 8 പേര്‍ പനി ബാധിച്ച് മരിച്ച ഇവിടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം തന്നെ രാത്രി 8 വരെ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഡെങ്കിപ്പനി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറിയുള്ള ബോധവല്‍ക്കരണവും കൊതുകു നശീകരണവും നടത്തുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗ നിര്‍ണയം നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പനിയും മറ്റു പകര്‍ച്ച വ്യാധികളും പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. മാവൂര്‍, കുറ്റിക്കാട്ടൂര്‍, പാറമ്മല്‍, ചെറുപ്പ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പനി പടരുന്നതായി റിപ്പോര്‍ട്ടുള്ളത്. ദിവസവും നൂറിലധികം രോഗികളാണ് ചെറുപ്പ പ്രഥാമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നത് . എന്നാല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവിടങ്ങളിലെല്ലാം ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പ്രതിരോധ പരിപാടികളും ബോധവത്ക്കരണ ക്ലാസും നടത്തുന്നുണ്ട്.

ഇതിനിടയില്‍ ജില്ലയില്‍ പനി ബാധിച്ച് 1758 പേര്‍ ഇന്നലെ വിവിധ ആശുപത്രകളില്‍ ചികിത്സ തേടി. ഇതില്‍ ഏഴു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചികിത്സ കാര്യക്ഷമമാക്കുന്നതിനായി മെഡിക്കല്‍ കോളജില്‍ രണ്ട് പനി വാര്‍ഡുകള്‍കൂടി തുറക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top