കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട്?; കാരണം ഇങ്ങനെയെന്ന് ദേശീയ മാധ്യമം

ദില്ലി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ നിന്ന് മെട്രോമാന്‍ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത് വന്‍വിവാദമായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്താന്‍ പിഎംഒ തീരുമാനിച്ചുകഴിഞ്ഞു. ഇതോടെ ആ വിവാദത്തിന് താത്കാലിക വിരാമം ആയിരിക്കുകയാണ്.

ശ്രീധരനെ എന്തിന് ഒഴിവാക്കി, ആര് ഒഴിവാക്കി എന്നീ ചോദ്യങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഉയരുന്നത്. ഇതിന് ഉത്തരം കിട്ടിയിരിക്കുന്നു എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ വ്യക്തമാക്കുന്നത്. ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ഒഴിവാക്കുകയായിരുന്നെന്നും ഇതിന് പിന്നില്‍ വ്യക്തമായ കാരണം ഉണ്ടെന്നും ഇന്ത്യ ടുഡെ പറയുന്നു.

കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ആദ്യം മുതല്‍ ചുക്കാന്‍ പിടിച്ച ശ്രീധരനെ എന്തിന് ഒഴിവാക്കി എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ- രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇതിന്റെ പ്രധാനകാരണം. അടുത്തമാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും അധികം സാധ്യതയുള്ള വ്യക്തിയാണ് ശ്രീധരനെന്നും അതിനാലാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീധരനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യം ഉണ്ടെന്നും അതിനാല്‍ താനും കേന്ദ്രമന്ത്രിയും ഉള്‍പ്പെടുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്നത് അനൗചിത്യമാകുമെന്ന് മോദി കരുതുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനാലാണ് ശ്രീധരന്റെ പ്രാധാന്യം അറിയാമായിരുന്നിട്ടും അദ്ദേഹത്തെ മനപ്പൂര്‍വ്വം ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ശ്രീധരനെ ഒഴിവാക്കിയതിനെ അങ്ങനെ ന്യായീകരിക്കാം. അപ്പോഴും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് എന്തിന് വേണ്ടി എന്ന ചോദ്യം അവശേഷിക്കുന്നു.

രാഷ്ട്രപതി സ്ഥാനത്തേക്ക് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഉയര്‍ത്തിക്കാട്ടാനായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്. സുഷമ സ്വരാജ്, സുമിത്ര മഹാജന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറഞ്ഞ് കേട്ടിരുന്നെങ്കിലും പ്രഥമ പരിഗണന നല്‍കിയിരുന്നത് ജെയ്റ്റിലിക്കായിരുന്നു. എന്നാല്‍ ഈ ഓഫര്‍ ജെയ്റ്റ്‌ലി നിരസിച്ചു. തുടര്‍ന്നാണ് ബിജെപി ശ്രീധരനിലേക്ക് എത്തിയത്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിലെ വേദിയില്‍നിന്ന് ഒഴിവാക്കിയതില്‍ ശ്രീധരന്‍ പ്രതിഷേധം ഒന്നും പ്രകടിപ്പിച്ച് കണ്ടില്ല. അതില്‍ തനിക്ക് വിഷമമില്ലെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അത് സ്വാഭാവികമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രിയുടെ ഉദ്ദേശത്തെ കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് ശ്രീധരന്‍ ഇങ്ങനെ പ്രതികരിച്ചതെന്നും സൂചനയുണ്ട്.

ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ജൂലൈ 20 ന് ഫലം വരും. പാര്‍ലമെന്റിലേയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ട്രല്‍ കോളെജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

DONT MISS
Top