മെട്രോ ഉദ്ഘാടനം: “ഇ ശ്രീധരനെ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്”; കുമ്മനത്തിന്റെ അവകാശവാദം അല്‍പ്പത്തരമെന്ന് കടകംപള്ളി സുരേന്ദ്രന്‍


കൊച്ചി: മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാട് അല്‍പ്പത്തരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വീണ്ടും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനേയും ഇ ശ്രീധരനേയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. എന്നാല്‍ വളഞ്ഞ വഴിയില്‍ ഇക്കാര്യം തന്റെ നേട്ടമാണെന്ന തരത്തില്‍ കുമ്മനം വാര്‍ത്താസമ്മേളനം നടത്തിയത് അല്‍പ്പത്തരമാണ്. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി അഭിപ്രായപ്പെട്ടു.

കുമ്മനം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇ ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ആദ്യം ഒഴിവാക്കിയതിന് പിന്നില്‍ കുമ്മനത്തിന് പങ്ക് ഉണ്ടായിരുന്നുവെന്നാണോയെന്ന് മന്ത്രി ചോദിക്കുന്നു.

പിണറായി സര്‍ക്കാരിന്റെ ഇടപെടലും കേരളത്തിന്റെ പൊതുവികാരവുമാണ് തെറ്റ് തിരുത്താന്‍ പ്രേരണയായത് എന്നതില്‍ ഗീബല്‍സിന്റെ പിന്‍മുറക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും സംശയമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top