കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹര്‍ഷ, ഹാറിഷിദ

ന്യൂഡല്‍ഹി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിക്ക് സമീപം ഗുഡ്ഗാവിലാണ് സംഭവം. ഇരട്ടക്കുട്ടികളായ അഞ്ചുവയസുള്ള ഹര്‍ഷയും ഹറിഷിദയുമാണ് മരിച്ചത്. മീററ്റില്‍ സൈനികനായ പിതാവിനൊപ്പം കഴിയുന്ന കുട്ടികള്‍ അവധിയാഘോഷിക്കുന്നതിനായി അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം എത്തിയതായിരുന്നു.

ഗുഡ്ഗാവ് ജമാര്‍പൂര്‍ വില്ലേജിലെ പട്ടോഡിയിലാണ് സംഭവം. വീടിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ഹുണ്ടായി ഇലാന്‍ഡ്ര കാറില്‍ കളിക്കാന്‍ കയറിയ കുട്ടികള്‍ അബദ്ധത്തില്‍ ഇതില്‍ കുടുങ്ങിപ്പോകുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടെ രണ്ടു മണിക്കൂറിനുശേഷം അബോധാവസ്ഥയില്‍ ഇരുവരെയും കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കാറിന്റെ വിന്‍ഡോ അബദ്ധത്തില്‍ ലോക്കായി പോയതാണ് അപകടത്തിന് വഴിവെച്ചതെന്ന് കരുതുന്നു. കനത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിയ കുട്ടികള്‍ രക്ഷപെടാനായി വിന്‍ഡോ തുറക്കാനും ചില്ലുയര്‍ത്താനും ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ലക്ഷണങ്ങള്‍ കാറിലുണ്ടായിരുന്നു. ചില്ല് ഉയര്‍ത്തുന്നതിനുള്ള ലിവര്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല.

അവധിയാഘോഷം കഴിഞ്ഞ് മീററ്റില്‍ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാനിരുന്നതിന്റെ അന്നാണ് അപകടമുണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top