ആള്‍ട്ട്‌ന്യൂസ്. ഇന്‍ പൊളിച്ചടുക്കിയ സംഘപരിവാര്‍ വ്യാജവാര്‍ത്തകള്‍

പ്രതീകാത്മകചിത്രം

ദില്ലി: പാകിസ്താന്‍ മമതാ ബാനര്‍ജിയെ വാഴ്ത്തുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് ‘ഗോ സേവ’ ചെയ്യുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സുക്മയിലെ മാവോയിസ്റ്റ് ആക്രമണത്തെ ആഘോഷിക്കുന്നു. ദൈനിക്ഭാരത്.ഓര്‍ഗ് എന്ന ന്യൂസ് വെബ്‌സൈറ്റ് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചെയ്തുവന്ന വാര്‍ത്തകള്‍ ഇങ്ങനെയൊക്കെയാണ്. ഓരോ അവസരത്തിലും ഈ വാര്‍ത്തകള്‍ വൈരുധ്യം വെളിപ്പെടുത്തിയപ്പോഴും, കള്ളമാണെന്ന് തെളിഞ്ഞപ്പോഴും കൂടുതല്‍ വായനക്കാരെ ഉണ്ടാക്കുന്നതില്‍ ഹിന്ദുത്വ ചായ്‌വുള്ള, ചോദ്യം ചെയ്യപ്പെടേണ്ടുന്ന റിപ്പോര്‍ട്ടിങ് നടത്തിക്കൊണ്ട് മുന്നേറി.

ആള്‍ട്ട്‌ന്യൂസ്.ഇന്‍ നടത്തിയ അന്വേഷണത്തില്‍ ഈ വെബ്‌സൈറ്റ് നടത്തുന്നത് ആരാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ വെബ്‌സൈറ്റിന്റെ എഡിറ്ററുടെ പേരില്‍ ഫയല്‍ ചെയ്ത ഒരു എഫ്‌ഐആറിനെപ്പറ്റി വിവരം ലഭിച്ചു. ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്റെ ഒരു വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിലാണ് എഫ്‌ഐആര്‍. ഇവര്‍ക്ക് ഹിന്ദു സേനയുമായുള്ള ബന്ധത്തെപ്പറ്റിയും അന്വേഷണത്തിലൂടെ സൂചന ലഭിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപിനുവേണ്ടി ജന്തര്‍മന്തറില്‍ പരസ്യ പ്രാര്‍ത്ഥന നടത്തിയ, വളര്‍ന്നുവരുന്ന ഹിന്ദുത്വ സംഘടനയാണ് ഹിന്ദുസേന.

ആള്‍ട്ട് ന്യൂസിലെ പ്രതീക് സിന്‍ഹ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് ശശി സിംഗ് എന്നയാളുടെ പേരിലാണ് ഈ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്എന്നാണ്. വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ രവി സിംഗ് എന്നയാളെക്കുറിച്ചും വിവരം ലഭിച്ചു. ട്രൂകോളര്‍, ആര്‍ക്കൈവ് ചെയ്ത പേജുകളും ക്യാച്ച്ഡ് സോഷ്യല്‍ മീഡിയ സൈറ്റുകളും വേബാക്ക് സെഷീന്‍ പോലുള്ള ടൂളുകളുമുപയോഗിച്ച് പ്രതീക് സിന്‍ഹ കണ്ടെത്തിയത് വീര സവര്‍ക്കറുടെ പ്രൊഫൈല്‍ ഫോട്ടോ വെച്ച രവിസിംഗിന്റെ ഫെയ്‌സ്ബുക്ക് പേജാണ്. ഹിന്ദുസേന നടത്തുന്ന ഒരു ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്തതായും പ്രതീക് സിന്‍ഹ കണ്ടെത്തി.

പ്രതീക് സിന്‍ഹ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കാനായി ജന്തര്‍മന്തറില്‍ ഹവാന്‍ പൂജ നടത്തിയ വിഷ്ണു ഗുപ്തയുമായി ഈ രവി സിംഗിന് അടുത്ത ബന്ധമുണ്ട് എന്നും തെരച്ചിലിലൂടെ പ്രതീക് സിന്‍ഹയ്ക്ക് വ്യക്തമായി. അന്ന് ഹവാന്‍ പൂജ പ്രൈംടൈം ചര്‍ച്ചാവിഷയമായിരുന്നു. ‘യുഎസ്എഹിന്ദൂസ്4ട്രംപ്’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലും സിംഗിന്റെ ഇടപെടലുണ്ട്. ട്രംപിന്റെ ഇസ്ലാമോഫോബിക് രാഷ്ട്രീയത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഗുപ്ത.

ആള്‍ട്ട് ന്യൂസ് പൊളിച്ചടുക്കിയ വ്യാജ വാര്‍ത്തകളില്‍ ചിലത് ഇങ്ങനെ,
2017 മാര്‍ച്ചില്‍ ആന്ധ്രപ്രദേശില്‍ ഒരു മര്‍വാഡി സ്ത്രീയെ ആക്രമിക്കുന്ന മുസ്‌ലിം യുവാക്കളുടെ സംഘം എന്ന പേരില്‍ സംഘികള്‍ പ്രചരിപ്പിച്ചത് ഒരു ഗ്വാട്ടിമാലന്‍ യുവതി കൂട്ട ആക്രമണത്തിനിരയായ സംഭവം. കശ്മീരിനെ അനുകൂലിക്കുന്ന അരുന്ധതി റോയിയെയാണ് മനുഷ്യകവചമായി ജീപ്പിനുമുന്നില്‍ കെട്ടിയിടേണ്ടത് എന്ന് പരേഷ് റാവല്‍ വിവാദ പ്രസ്താവന നടത്തി. എന്നാല്‍, പരേഷ് റാവല്‍ ആ പ്രസ്താവന നടത്താനുണ്ടായ സാഹചര്യമായി ചൂണ്ടിക്കാട്ടുന്ന അരുന്ധതി റോയിയുടെ വാക്കുകള്‍ ഒരു വ്യാജവാര്‍ത്തയായിരുന്നു. അടുത്തിടെയൊന്നും താന്‍ കശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലുള്ള ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും അരുന്ധതി റോയി പറഞ്ഞതോടെ ആ വ്യാജവാര്‍ത്തയും പൊളിഞ്ഞു. ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകള്‍ ഹിന്ദുക്കളെ കൊലപ്പെടുത്തുന്ന, ബലാത്സംഗം ചെയ്യുന്ന മുസ്‌ലിങ്ങള്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് എന്ന് പ്രതീക് സിന്‍ഹയുടെ അന്വേഷണം വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ വലത്, പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ ദിവസം തോറും പുറത്തുവിടുന്ന വ്യാജവാര്‍ത്തകള്‍ക്കു നേരെ നേരിട്ടുള്ള ആക്രമണമായാണ് ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റ് രൂപപ്പെടുന്നത്. വലതുപക്ഷ വെബ്‌സൈറ്റുകളാണ് ഇവയെ വളര്‍ത്തുന്നത്. വാട്‌സപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവീഡിയോകളും മോര്‍ഫ് ചെയ്ത ഫോട്ടോകളും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളവയാണെന്ന് പ്രതീക് സിന്‍ഹ പറയുന്നു. അഭിപ്രായ പ്രകടന സ്വഭാവമുള്ള വാര്‍ത്തകളില്‍ സിന്‍ഹയ്ക്ക് താല്‍പര്യമില്ല. “നിങ്ങള്‍ക്ക് എന്റെ പ്രത്യയശാസ്ത്രവുമായി യോജിപ്പുണ്ടാകില്ല. പക്ഷേ, ഞാനവതരിപ്പിക്കുന്ന വസ്തുതകളെ നിരാകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.” സിന്‍ഹ പറഞ്ഞു.

DONT MISS
Top