ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം: “മാംസാഹാരം കഴിക്കരുത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്”

ദില്ലി: രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ഉപദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗര്‍ഭിണികള്‍ മാാംസം ഒഴിവാക്കണമെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും മോശം കുട്ടൂകെട്ടുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് ഉപദേശം.

മൂന്നാമത് അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 ന് മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് വിചിത്രമായ ഉപദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഗര്‍ഭിണികള്‍ ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികള്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുക എന്നിങ്ങനെ നീളുന്നു കേന്ദ്രത്തിന്റെ ഉപദേശങ്ങള്‍. ഇത് കൂടാതെ നിരവധി വിചിത്ര നിര്‍ദ്ദേശങ്ങളും ബുക്ക്‌ലെറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രി ശ്രീപദ് നായികാണ് ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തത്.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

  • ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കുക
  • മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക
  • നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചെലവഴിക്കുക
  • മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ മാത്രം സൂക്ഷിക്കുക, ഇത് ഉദരത്തിലുള്ള കുട്ടിയേയും സ്വാധീനിക്കും
  • ആത്മീയ ചിന്തകള്‍ ഉണ്ടായാല്‍ നന്ന്
  • ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രങ്ങള്‍ വായിക്കുക
  • ശാന്തരായി ഇരിക്കുക

കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തിനെതിരെ ഈ രംഗത്തുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തെങ്കിലും കഴിക്കണമെന്നോ കഴിക്കേണ്ടെന്നോ പറയേണ്ട ആവശ്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സന്തോഷത്തിനായി എന്തെങ്കിലും ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയാണ് വേണ്ടത്.

മാത്രവുമല്ല, വളരെ സങ്കീര്‍ണതകള്‍ ഉള്ള പ്രസവക്കേസുകളില്‍ മാത്രമേ ഗര്‍ഭകാലത്ത് സെക്‌സ് ഒഴിവാക്കേണ്ട ആവശ്യകത ഉള്ളൂവെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

DONT MISS
Top