സര്‍ക്കാരിന്റെ പ്രതിഷേധ നടപടികള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒതുങ്ങരുത്, വിലക്കിയ ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്നിട്ടിറങ്ങുമോ എന്ന് സനല്‍ കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്റികള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ പ്രതികരണത്തിന് മറുപടിയുമായി ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സനല്‍ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഈ സാംസ്കാരിക ഭീകരതയെ പക്ഷെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ കൊണ്ടോ മുദ്രാവാക്യം വിളികൾ കൊണ്ടോ നേരിടാനാവില്ല. ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗമായിരിക്കുന്ന കേരളത്തിന് ഇത്തരം കാര്യങ്ങളിൽ പ്രതിഷേധിക്കാനല്ലാതെ നിലപാടെടുക്കാനോ വ്യത്യസ്തമായി പ്രവർത്തിക്കാനോ കഴിയില്ല. ഇതിനെ എങ്ങനെ ചെറുത്തു തോല്പിക്കാമെന്ന് കൂടുതൽ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് സനല്‍ കുമാര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സാംസ്‌കാരിക ഫാസിസമാണെന്നും ഇതിനെതിരെ സാംസ്‌കാരിക വകുപ്പും സാംസ്‌കാരിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും കേരളം ഇത്തരം ഫാസിസ്റ്റു പ്രവണതകള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും താങ്കള്‍ എഴുതിക്കണ്ടു, അങ്ങയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തീര്‍ച്ചയായും ഞങ്ങള്‍ക്കെല്ലാം ആത്മവിശ്വാസവും ഉന്മേഷവും നല്‍കുന്നതാണെങ്കിലും നമ്മള്‍ ഈ ഫാസിസ്റ്റു പ്രവണതയ്ക്ക് മുന്നില്‍ മുട്ടുമടക്കാതിരിക്കാന്‍ സഹായകമാവുന്നില്ല, എന്തുവില കൊടുത്തും ഈ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്.

പ്രതിഷേധം അറിയിക്കാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമാവുമെങ്കിലും കാര്യമായ പ്രതിവിധി കണ്ടെത്താതെ പ്രതിഷേധം ‘പ്രകടിപ്പിച്ച്’ ഒരു ഒളിച്ചോട്ടം നടത്താനേ അത് പലപ്പോഴും ഉപകരിക്കുന്നുള്ളു. കേന്ദ്രകേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പിന്തിരിപ്പന്‍ നയങ്ങളെ കേരളത്തിലെ പുരോഗമനസര്‍ക്കാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയല്ല നേരിടേണ്ടതെന്നും പോസ്റ്റില്‍ സനല്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതുകൊണ്ടോ പത്രപ്രസ്താവന നല്‍കിയതുകൊണ്ടോ അവസാനിക്കുന്ന ഒരു സംഗതിയല്ല ഇതെന്നും കേന്ദ്ര പ്രക്ഷേപണവകുപ്പ് അനുമതി നിഷേധിച്ച ചിത്രങ്ങള്‍ ധാര്‍ഷ്ട്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ല എന്നും അങ്ങേയ്ക്ക് അറിയാവുന്നതാണല്ലോ. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഉപജാപകസംഘടനകള്‍ നല്‍കുന്ന പരാതികള്‍ക്കും തലയണ മന്ത്രങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങളൊന്നുമില്ലാതെ ചില ചിത്രങ്ങളെ വിലക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നില്‍ കേരളം മുട്ടുമടക്കാതിരിക്കണമെങ്കില്‍ കാര്യക്ഷമമായി എങ്ങിനെയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതെന്ന് വളരെ ഗൗരവപൂര്‍വം ആലോചിക്കേണ്ട സമയമാണിത്. ഈ മൂന്ന് ചിത്രങ്ങളും ഇത്തവണത്തെ മേളയില്‍ പ്രദര്ശിപ്പിക്കുന്നതിന് സാഹചര്യമുണ്ടാക്കാന്‍ നമ്മുടെ സാംസ്‌കാരിക വകുപ്പ് മുന്നിട്ടിറങ്ങുമോ എന്നറിയാന്‍ എന്നെപ്പോലെയുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന സാധാരണ പൗരജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കിലെഴുതുന്നു.

കേന്ദ്രമന്ത്രാലയത്തിന്റെ നടപടിക്കെതിരെ ഈ ചിത്രത്തിന്റെ സംവിധായകര്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ സമീപിക്കുകയാണ് എന്നറിയുന്നു. ഒരു അഗ്രീവ്ഡ് പാര്‍ട്ടി എന്ന നിലയില്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിക്ക് ഈ കേസില്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാന്‍ കൗതുകമുണ്ട്. കേന്ദ്രത്തിന്റെ ഫാസിസ്റ്റനുകൂല നടപടിക്കെതിരെ ഈ ചലച്ചിത്രങ്ങളുടെ സംവിധായകര്‍ക്കൊപ്പം നിന്ന് പോരാടാനും ആശയപ്രകാശനത്തിനുള്ള മൗലീകാവകാശത്തിനു വേണ്ടി പൗരര്‍ക്കൊപ്പം ശബ്ദമുയര്‍ത്താനും മന്ത്രാലയത്തിന് കഴിയുമോ എന്നറിയാനും ആഗ്രഹമുണ്ട്. ഇന്ത്യയില്‍ മുഴുവന്‍ സ്വതന്ത്രചിന്തയ്ക്ക്കും ആവിഷ്‌കാരസ്വാതന്ത്യ്രത്തിനുമെതിരെ ഫാസിസ്റ്റ് മനോഭാവം പുകഞ്ഞുയരുന്‌പോള്‍ ലോകം ഉറ്റുനോക്കുന്നത് നമ്മുടെ കൊച്ചുകേരളം എങ്ങനെ അതിനെ പ്രതിരോധിക്കും എന്നാണ്. നമ്മുടെ നടപടികള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൊതുങ്ങുന്നത് സത്യത്തില്‍ നമുക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. അങ്ങയുടെ മന്ത്രാലയത്തില്‍ നിന്നും ഊര്‍ജിതവും കാര്യക്ഷമവും അടിയന്തിരവുമായ നടപടികള്‍ പ്രതീക്ഷിച്ചുകൊള്ളുന്നുവെന്നും പറഞ്ഞു കൊണ്ടാണ് സനല്‍ കുമാറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

DONT MISS
Top