സിനിമകള്‍ക്ക് വിലക്ക്: കല രാഷ്ട്രീയം പറയരുതെന്ന കടന്നുകയറ്റമെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പത്താമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയത് അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി കുറെ നാളുകളായി ഇന്ത്യന്‍ ജനതയുടെ പിറകെയുണ്ട്. സമകാലിക സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ എന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരാണ് കലാകാരന്‍മാര്‍. സ്വതന്ത്ര ചിന്തകരെയും അഭിപ്രായം തുറന്നുപറയുന്നവരെയും കൊലപ്പെടുത്തുന്ന രീതിയാണ് ഈ അടുത്തകാലത്തായി രാജ്യം കാണുന്നത്. ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തില്‍ സിനിമകള്‍ വിലക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഈ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവില്‍ ഡോക്യുമെന്ററി- ഹ്രസ്വ ചലച്ചിത്ര മേളകള്‍ നടക്കുന്നില്ല. 10 വര്‍ഷമായി കേരളത്തില്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മേള രാജ്യത്തെ കലാ-സാംസ്‌കാരിക-സിനിമാ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രചോദനമാണ്. കേരളം കഴിഞ്ഞാല്‍ പിന്നെ മറ്റ് രാജ്യങ്ങളിലെ മേളകളില്‍ മാത്രമെ ഇന്ത്യയിലെ ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രങ്ങള്‍ക്ക് അവസരമുള്ളു. ഇത്തവണ 223 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ രോഹിത് വെമുലയെ കുറിച്ച് പി എന്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്ത ‘ദി അണ്‍ബെയ്‌റബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ , കാശ്മീര്‍ വിഷയങ്ങളെ കുറിച്ച് എന്‍ സി ഫാസില്‍, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ‘ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍’ എന്നീ സിനിമകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനനാനുമതി നിഷേധിച്ചത്. ഇത് ശരിയായ പ്രവണതയല്ല. സമകാലിക വിഷയങ്ങള്‍ പറഞ്ഞു എന്നുള്ളതുകൊണ്ട് സിനിമകള്‍ ദേശവിരുദ്ധമാകുന്നില്ല.

കലാസാംസ്‌കാരിക രംഗത്ത് ആനാരോഗ്യകരമായ ഇടപെടലാണ് തുടര്‍ച്ചയായി കണ്ടുവരുന്നതെന്ന വിമര്‍ശനം ഇന്ന് രാജ്യത്ത് ശക്തമാണ്. ജനങ്ങളുടെ ഭക്ഷണം, ആരാധനാ രീതി, മത വിശ്വാസം, രാഷ്ട്രീയ വിശ്വാസം, സാംസ്‌കാരിക പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ചില പ്രത്യേക രീതിയിലെ പാടുള്ളു എന്ന് നിഷ്‌കര്‍ഷിക്കുന്ന നിലയാണ് കണ്ടുവരുന്നത്. എംടിക്കും കമലിനും എതിരെ ഉണ്ടായ ഭീഷണികളെ ശക്തമായി അതിജീവിച്ച നാടാണ് കേരളം. ഇത്തരം നടപടികള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കും. സാംസ്‌കാരിക വകുപ്പും സാംസ്‌കാരിക സ്ഥാപനങ്ങളും ഈ ഫാസിസ്റ്റ് രീതിക്കെതിരായി തന്നെ നിലകൊള്ളും.

സിനിമാ വിലക്കിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മുഴുവന്‍ കലാസാംസ്‌കാരികസിനിമാ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരണമെന്നും മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

DONT MISS
Top