“ജനാധിപത്യത്തിന്റെ ജീവരക്തം അറിവാണ്, ആശയങ്ങളെ ജയിലിലടക്കാന്‍ കഴിയില്ല”; സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

ദില്ലി: ജനാധിപത്യത്തിന്റെ ജീവരക്തം അറിവാണെന്നും ആശയങ്ങളെ ആര്‍ക്കും ജയിലിലടക്കാന്‍ കഴിയില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു പ്രശ്‌നങ്ങള്‍ വിഷയമായ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

“എന്തിനെയാണ് ബിജെപി ഗവണ്മെന്റ് ഭയപ്പെടുന്നത്? ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സിനിമയെ. ജനാധിപത്യത്തിന്റെ ജീവരക്തമാണ് അറിവ്. ആശയങ്ങളെ നിരോധിക്കാനാകില്ല. സത്യത്തെ ജയിലിലടക്കാനുമാകില്ല.” യെച്ചൂരി ഫെയ്സ്ബുക്കില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതോടെ കേന്ദ്ര നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

ഡോക്യുമെന്ററികളുടെ പൊതുപ്രദര്‍ശനം നടത്തണമെന്നും ആവശ്യമുയര്‍ന്നു. പൊതുവേദികളില്‍ ഈ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിലാണ് വിവിധ സിനിമാ സംഘടനകളും കൂട്ടായ്മകളും. ഡിജിറ്റല്‍ യുഗത്തില്‍ നിരോധനം കൊണ്ട് ഒരു സിനിമയെ ഇല്ലാതാക്കാന്‍ പറ്റും എന്ന് കരുതുന്നവര്‍ വലിയ തമാശയാണ് എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. എന്തുകൊണ്ട് ചലച്ചിത്ര അക്കാദമി തന്നെ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നില്ല എന്നും ചോദ്യമുയര്‍ന്നുകഴിഞ്ഞു.

DONT MISS
Top