“ഡോക്യുമെന്ററികള്‍ക്ക് അധികാരം വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു”; മനില

രോഹിത്, കശ്മീര്‍, ജെഎന്‍യു

ദില്ലി: രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്യുമെന്ററികള്‍ക്ക് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് സോഷ്യല്‍ മീഡിയ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങുവെക്കുന്ന കേന്ദ്ര നയം വാക്കുകളും സിനിമകളും ചിത്രങ്ങളും അടക്കമുള്ള കലാവിഷ്‌കാരങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്നതോടെ, സംഘപരിവാര്‍ പിടിമുറുക്കുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാകുകയാണെന്നും ഞങ്ങള്‍ അതിന് കീഴ്പ്പെടുകയില്ലെന്നും പറയുന്നു. ഡോക്യുമെന്ററികള്‍ക്ക് അധികാരത്തിന്റെ പേരില്‍ വേദി നിഷേധിക്കപ്പെടുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണെന്ന് മനില സി മോഹന്‍.

മനിലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അധികാരികളാല്‍ നിരോധിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട കലാവിഷ്‌കാരങ്ങള്‍ കാലാതീതമായി നിലനിന്നു എന്നതാണ് ലോക ചരിത്രം. അവ നിരന്തരം ജനങ്ങളുമായി സംവവദിക്കുകയും ചെയ്യും. ഈ മൂന്നു ഡോക്യുമെന്ററികള്‍ക്കുമുള്ള ഒരു പൊതു സ്വഭാവവം അവ യൂണിവേഴ്‌സിറ്റികളെ കുറിച്ചുള്ളതാണ് എന്നാണ്. കശ്മീര്‍, ജെഎന്‍യു, ഹൈദരാബാദ് എന്നീ യൂണിവേഴ്‌സിറ്റികളിലെ ചരിത്രത്തെ നിര്‍ണയിക്കുന്ന സമരങ്ങളും ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യയും ഒക്കെയാണ് ചിത്രത്തില്‍. രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പിലെ വരികളെയും കശ്മീരിലെ ഖബറുകളുടെ ഫോട്ടോഗ്രാഫുകളെയും ജെഎന്‍യുവില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെയും സംഘപരിവാറിന്റെ ചരടുകളില്‍ പാവകളി നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നത് സ്വാഭാവികം മാത്രമാണെന്നും മനില എഴുതുന്നു.

കലയെന്നാല്‍ രാമാനന്ദ സാഗറിന്റെ രാമായണം/മഹാഭാരതം സീരിയലാണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് ഇത്തരം ഡോക്യുമെന്ററികള്‍ നടുക്കമുണ്ടാക്കും. ജനങ്ങള്‍ അത് കാണരുത് എന്നവര്‍ ശഠിക്കും. മൂന്ന് ഡോക്യുമെന്ററികളിലും സവര്‍ണ്ണ ഹൈന്ദവതതയുടെ അപരങ്ങളെ കാണുന്നതുകൊണ്ട് തന്നെയാണ് ഇവ തടയപ്പെട്ടത്. രോഹിത് വെമുലയിലെ ദലിതത്വം, കശ്മീരിലെ ഇസ്‌ലാം, ജെഎന്‍യുവിലെ ഇടതുപക്ഷം- ശത്രുക്കളെ പരസ്യമായി കൊല്ലാന്‍ പറ്റാത്തതുകൊണ്ട് നിരോധിക്കുന്നു. ബഹുസ്വരതയുടെ ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പതഞ്ജലി ഡോക്യുമെന്ററികള്‍ പോലും നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കില്ലെന്നും മനില ആശങ്ക പ്രകടിപ്പിക്കുന്നു.

കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും ആര്‍ട്ടിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും സംസാരിക്കുന്ന ഡോക്യുമെന്ററി ഇതിനകം ഫെയ്‌സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.

DONT MISS
Top