ഫ്രഞ്ച് ഓപ്പണ്‍: മറെയെ മറികടന്ന് വാവ്‌റിങ്ക ഫൈനലില്‍

പാരീസ്: ലോക ഒന്നാം നമ്പറും ബ്രിട്ടന്റെ പ്രതീക്ഷയുമായിരുന്ന ആന്റി മറെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ പുറത്തായി. അഞ്ച് സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തില്‍ മൂന്നാം സീഡ് സ്വിറ്റ്‌സര്‍ലണ്ടിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയാണ് മറെയുടെ ഫൈനല്‍ മോഹങ്ങള്‍ തകര്‍ത്തത്. സ്‌കോര്‍ 6-7 (6-8), 6-3, 5-7, 7-6 (7-3), 6-1. മത്സരം നാലുമണിക്കൂറും 34 മിനിട്ടും നീണ്ടുനിന്നു. റൊളാണ്ട് ഗാരോസില്‍ കിരീടം ചൂടാന്‍ മറെയ്ക്ക് ഇനിയും കാത്തിരിക്കണം. ഇത് രണ്ടാം തവണയാണ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്.

അത്യന്തം ആവേശവും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു റൊളാണ്ട് ഗാരോസില്‍ കണ്ടത്. പരസ്പരം ബ്രേക്ക് ചെയ്യാന്‍ പരാജയപ്പെട്ട ആദ്യ സെറ്റ് ടൈബ്രേക്കറില്‍ മറെ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ മറെയെ ബ്രേക്ക് ചെയ്ത വാവ്‌റിങ്ക 6-3 ന് സെറ്റ് സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം സെറ്റില്‍ സ്‌കോര്‍ 5-5 ല്‍ നില്‍ക്കെ വാവ്‌റിങ്കയുടെ സെര്‍വ് ബ്രേക്ക് ചെയ്ത മറെ 7-5 ന് സെറ്റ് സ്വന്തമാക്കി മത്സരത്തില്‍ മേധാവിത്വം നേടി. നാലാം സെറ്റിലും തുല്യമായ പോരാട്ടമാണ് കണ്ടത്. ടൈബ്രേക്കര്‍ നിശ്ചയിച്ച നാലം സെറ്റ് സ്വിസ് താരം നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. നിര്‍ണായകമായ നാലാം സെറ്റില്‍ പക്ഷെ മറെ നിഷ്പ്രഭമായി. ബ്രിട്ടീഷ് താരത്തെ അപ്രസക്തനാക്കിയ വാവ്‌റിങ്ക 6-1 എന്ന സ്‌കോറിന് വിജയവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കിയത്.


റഫേല്‍ നദാല്‍-ഡോമനിക തീം മത്സരത്തിലെ വിജയിയെ ആണ് ഫൈനലില്‍ വാവ്‌റിങ്ക നേരിടുക. 1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന പ്രായം കൂടിയ താരമെന്ന വിശേഷണം ഇതോടെ വാവ്‌റിങ്കയ്ക്ക് സ്വന്തമായി. 32 വയസും 75 ദിവസവും പ്രായമുള്ളപ്പോഴാണ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നിരിക്കുന്നത്.

കരിയറിലെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് വാവ്‌റിങ്ക ഇത്തവണ ലക്ഷ്യം വെക്കുന്നത്. നേരത്തെ 2015 ല്‍ വാവ്‌റിങ്ക ഇവിടെ കിരീടം ചൂടിയിരുന്നു. അന്ന് നാലുസെറ്റ് നീണ്ട പോരാട്ടത്തില്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു വാവ്‌റിങ്ക ആദ്യമായി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്.

DONT MISS
Top