‘അതൊക്കെ അവരവരുടെ ശീലം വെച്ച് പറയുന്നതല്ലേ?’; ബാറുടമകളുമായി സര്‍ക്കാര്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തെ ‘ട്രോളി’ മുഖ്യമന്ത്രി

പിണറായിയും ചെന്നിത്തലയും

തിരുവനന്തപുരം: മദ്യനയം വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് തല്ലും ട്രോളുമാണ് മുഖ്യമന്ത്രി നല്‍കിയത്. എന്തായാലും മദ്യനയം മുന്‍നിര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിക്കുമെന്നതിനാല്‍ ഒരു മുഴം മുന്നേ എറിയുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്താലേഖകരുടെ ചോദ്യം കേട്ട് മുഖ്യമന്ത്രിക്ക് മനസിലായിട്ടേയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തേ മദ്യമുതലാളിമാരുമായി ഇടതുപക്ഷത്തിന് ഒരു രഹസ്യ ധാരണയുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ.

മാധ്യമപ്രവര്‍ത്തകര്‍: പ്രതിപക്ഷം പറയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു രഹസ്യ ധാരണയുണ്ടായിരുന്നുവെന്ന്
മുഖ്യമന്ത്രി: മനസിലായില്ല
മാധ്യമപ്രവര്‍ത്തകര്‍: തെരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന്
മുഖ്യമന്ത്രി: ആര് ബിഷപ്പുമാരുമായിട്ടോ?
മാധ്യമപ്രവര്‍ത്തകര്‍: ബാറുടമകളുമായി നേരത്തേ ഒരു ബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഈ നയം വന്നൂന്നാണ്
മുഖ്യമന്ത്രി: ആആ.. അതൊക്കെ അവരവരുടെ ശീലം വെച്ച് പറയുന്നതാണല്ലോ ? ആ ശീലവൊന്നും ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളതല്ലാലോ? ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ശീലം, അവര്‍ക്ക് അവരുടേതായ ശീലം. ആ ശീലം വെച്ച് പറയുന്നതാണതൊക്കെ

മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തേയും, മദ്യവിരുദ്ധ പ്രവര്‍ത്തകരെയുമാകെ ട്രോളുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവെച്ച മദ്യനയവും. ഇടതുസര്‍ക്കാരിന്റെ മദ്യനയം മദ്യം സുലഭമാക്കുന്നതാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മദ്യനയം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ മദ്യനയം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് നേരത്തെ അനുമതി നല്‍കിയിരുന്നു. നിയമമനുസരിച്ച് യോഗ്യതയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലെ ബാറുകള്‍ വഴി ശുദ്ധമായ കള്ള് വിതരണം ലഭ്യമാക്കും. ദേശീയ പാതയുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് അംഗീകരിച്ച് മുന്നോട്ട് പോകും. ദേശീയസംസ്ഥാന പാതയോരങ്ങളില്‍ പൂട്ടിയ മദ്യശാലകള്‍ അതേ താലൂക്കുകളില്‍ തന്നെ മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് നടപടി.

അതേസമയം സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. നിലവില്‍ പന്ത്രണര മണിക്കൂര്‍ എന്നത് 12 മണിക്കൂറാക്കി ചുരുക്കി. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാകും ഇനി സംസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഇത് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ്. ടൂറിസം മേഖലയില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ല്‍ നിന്നും 23 ആക്കി.

കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കള്ളുഷാപ്പുകള്‍ വില്‍പ്പന നടത്തുമ്പോള്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സംഘം ഇല്ലാത്തിടത്ത് മുന്‍വര്‍ഷങ്ങളില്‍ ഷാപ്പ് നടത്തിയവര്‍ക്ക് നല്‍കും. കള്ള് വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണന്ന് മുഖ്യമന്ത്രി പറഞ്ഞു. കള്ള് ചെത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് ടോഡി ബോര്‍ഡ് രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളിലെ ആഭ്യന്തര ലോഞ്ചുകളില്‍ ഇനി മുതല്‍ മദ്യം ലഭിക്കും. അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തും. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടി. അഞ്ച് ലക്ഷം രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

യുഡിഎഫിന്റെ മദ്യനയം പൂര്‍ണപരാജയമായിരുന്നെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫിന്റെ മദ്യനയത്തെ തുടര്‍ന്ന് ലഹരി ഉപയോഗം കൂടി. ഇത് സമൂഹത്തില്‍ അപകടകരമാകുന്ന സ്ഥിതിയുണ്ടാക്കി. മദ്യാസക്തിയുള്ളവര്‍ ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ മദ്യനയമായിരിക്കില്ല എല്‍ഡിഎഫിന്റേതെന്ന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വിമുക്തി എന്ന പേരില്‍ നടത്തുന്ന മദ്യവര്‍ജ്ജന കാംപെയിന്‍ അത് തുടരും. അതിന്റെ പ്രവര്‍ത്തനം വിപുലമാക്കും. മദ്യാസക്തിക്ക് അടിപ്പെട്ട് പോകുന്നവര്‍ക്ക് മോചനത്തിനായി ചികിത്സാ സൗകര്യം ഒരുക്കും. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. എല്ലാ ജില്ലകളിലും ആരോഗ്യഎക്‌സൈസ് വകുപ്പുകള്‍ ചേര്‍ന്ന് ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും. നിലവിലുള്ളവ ശക്തിപ്പെടുത്തും. മദ്യാസക്തിക്ക് അടിപ്പെട്ടവരെ പുനരധിവസിപ്പിക്കും. ഇതിനായി മാതൃകാ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. എന്തായാലും മുഖ്യമന്ത്രിയുടെ ട്രോളിഷ്ടപ്പെടുന്നവര്‍ക്ക് ഈ മദ്യനയം ഒട്ടും ഇഷ്ടപ്പെടണമെന്ന് നിര്‍ബന്ധവുമില്ല

DONT MISS
Top