ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഒാര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കസാഖിസ്ഥാനിലേയ്ക്ക് പുറപ്പെടും

നരേന്ദ്ര മോദി

അസ്താന: ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഒാര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കസാഖിസ്ഥാനിലേയ്ക്ക് പുറപ്പെടും. ജൂണ്‍ എട്ട്, ഒന്‍പത് തിയതികളില്‍ നടക്കുന്ന കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

ഉച്ചകോടിയിലെ  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യ എസ്.സി.ഒയുടെ പൂര്‍ണ അംഗമായിത്തീരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.  അതോടെ എസ്.സി.ഒ. മാനവരാശിയുടെ 40 ശതമാനം പേരെയും ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്ന സാഹചര്യം സംജാതമാകുകയും ചെയ്യുമെന്ന് മോദി അസ്താനയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം താഷ്‌കെന്റില്‍ നടന്ന എസ്.സി.ഒയുടെ യോഗത്തിലാണു പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടത്. എസ്.സി.ഒയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. ഇതു മറ്റു മേഖലകളിലെന്നപോലെ സാമ്പത്തികം, കണക്റ്റിവിറ്റി, ഭീകരവാദത്തെ തടുക്കാനുള്ള സഹകരണം എന്നീ മേഖലകളില്‍ നമുക്കു ഗുണകരമാകുമെന്നും മോദി പറഞ്ഞു.

ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും എത്തുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉച്ചകോടിയ്ക്കിടെ, ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ജി വി ശ്രീനിവാസ് അറിയിച്ചു. ഉച്ചകോടി സമാപിക്കുന്നതോടെ പാകിസ്താനും എസ് സി ഒയില്‍ പൂര്‍ണ അംഗത്വം ലഭിക്കും.

എസ്‌സിഒയില്‍ അംഗത്വത്തിനായുള്ള നടപടിക്രമങ്ങള്‍ എല്ലാം അവസാനത്തിലെത്തി നില്‍ക്കുകയാണെന്നും. സംഘടനയിലുള്ള അംഗങ്ങളുടെ അനുമതി കൂടി ഉറപ്പാക്കന്ന പ്രക്രിയയായിരിക്കും അസ്താനയില്‍ നടക്കുക എന്ന് ജി വി ശ്രീനിവാസ് പറഞ്ഞു. ജൂണ്‍ ഒന്‍പതിനു വൈകിട്ട് ‘ഭാവിയിലേക്കുള്ള ഊര്‍ജം’ എന്ന പ്രമേയത്തോടുകൂടിയുള്ള അസ്താന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും നരേന്ദ്രമോദി സംബന്ധിക്കും. കസാഖിസ്ഥാനിലെ 2017 വേള്‍ഡ് എക്‌സ്‌പോയിലും മോദി സന്ദര്‍ശിക്കും.

2014 ലാണ് ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഒര്‍ഗനൈസേഷനില്‍ അംഗത്വം നേടാന്‍ ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചത്. 2001ല്‍ ഈറേഷ്യന്‍ രാഷ്ട്രീയം, സമ്പദ്ഘടന, സൈനിക ശക്തി തുടങ്ങിയ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, തജികിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച സംഘടനയാണ് എസ് സി ഒ.

DONT MISS
Top