സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; ജയ,മട്ട അരികള്‍ക്ക് വില വര്‍ദ്ധിച്ചു

പ്രതീകാത്മക ചിത്രം

കൊല്ലം: സംസ്ഥാനത്ത് അരിവില വീണ്ടും കൂടുന്നു. സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് പറയുമ്പോളും പൊതുവിപണിയില്‍ അരിയുടെ വിലക്കയറ്റം തുടരുകയാണ്.  ഓണക്കാലം അടുത്തു നില്‍ക്കെ പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളിലാണ് വിലക്കയറ്റം തുടരുന്നത്.

കേരളത്തിന് പ്രിയപ്പെട്ട ജയ, മട്ട എന്നീ തരങ്ങള്‍ക്കാണ് വില ഉയരുന്നത്. ഓണം ലക്ഷ്യമിട്ട് അരിക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള ആന്ധ്രാ ലോബിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. വിലക്കയറ്റം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോളും പൊതുവിപണിയില്‍ അരിവില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്കാണ് വിലയും ഉയര്‍ന്നു നില്‍ക്കുന്നത്.

കേരളത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ ജയഅരിക്ക് കഴിഞ്ഞ ആഴ്ച വില 40 രൂപയാണെങ്കില്‍ ഇന്നലെ അത് 45 ആയി ഉയര്‍ന്നു. 41ല്‍ കിടന്ന സുരേഖയുടെ ഇന്നലത്തെ വില 43 ആണ്. മട്ട അരിയുടെ വിലയും ദിനം പ്രതി ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയേക്കാള്‍ ആറ് രൂപയുടെ വ്യത്യാസമാണ് ഇന്നലെ മട്ട അരിക്കുണ്ടായത്. പച്ചരിക്കാകട്ടെ ഇന്നലെ മൂന്ന് രൂപ ഉയര്‍ന്നു.

മഴ കാരണമാണ് അരിവില ഉയരുന്നതെന്നാണ് വ്യാപാരികളുടെ വിശദീകരണം.എന്നാല്‍ ഓണം അടുപ്പിച്ച് ആന്ധ്രയിലെ കച്ചവടക്കാര്‍ ആസൂത്രിതമായി വില ഉയര്‍ത്തുന്നതായാണ് വിവരം. ഓണത്തിന് രണ്ട് മാസം ബാക്കിനില്‍ക്കെ അരിവില ഉയരുന്നത് മലയാളികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top