സൗഹൃദമല്‍സരത്തില്‍ നേപ്പാളിനെ ഇന്ത്യ തകര്‍ത്തു; ഇന്ത്യന്‍ വിജയം എതിരില്ലാത്ത രണ്ടു ഗോളിന്

ഇന്ത്യ – നേപ്പാള്‍ മല്‍സരത്തില്‍ നിന്ന്

മുംബൈ : സൗഹൃദമല്‍സരത്തില്‍ അയല്‍ക്കാരായ നേപ്പാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. ഈ മാസം 13 ന് ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് നേപ്പാളിനെതിരായ വിജയം.

സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിയും സി കെ വിനീതും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി സന്ദേശ് ജിങ്കനും, ജെജെ ലാല്‍പെഖുലയുമാണ് ഗോള്‍ നേടിയത്. ചേത്രിയ്ക്കും വിനീതിനും പകരം റോബിന്‍ സിംഗും ജെജെയുയ്ക്കുമായിരുന്നു ആക്രമണത്തിന്റെ ചുമതല.

മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ നേപ്പാള്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യയ്ക്ക് പക്ഷെ ആദ്യപകുതുയില്‍ ലക്ഷ്യം കാണാനായില്ല. റോബിന്‍ സിങ്ങും ജെജെയും മികച്ച അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ 60 ആം മിനുട്ടില്‍ സന്ദേശ് ജിങ്കാന്‍ ലക്ഷ്യം കണ്ടു. ബോക്സിന്റെ ഇടതുഭാഗത്തു നിന്നുള്ള ജിങ്കാന്റെ ഹാഫ് വോളി നേപ്പാള്‍ വലയില്‍ കയറി. എട്ടു മിനുട്ട് ശേഷിക്കെ നേപ്പാളിന് അടുത്ത തിരിച്ചടി നേരിട്ടു. ഇന്ത്യയുടെ മധ്യനിര താരം ബികാഷ് ജയ്റുവിനെ വീഴ്ത്തിയതിന് നേപ്പാള്‍ ക്യാപ്ടന്‍ ബിറാജ് മഹാരാജന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

പത്തുപേരായി ചുരുങ്ങിയ നേപ്പാളിന്റെ വലയില്‍, 78-ാം മിനിറ്റില്‍ ജെജെ പന്തെത്തിച്ച് വിജയം ഉറപ്പാക്കി. ഇന്ത്യന്‍ നിരയില്‍ മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ സ്ഥാനം നേടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top