ഇന്ത്യയുടെ കളി കാണാന്‍ ഇനിയുമുണ്ടാകുമെന്ന് വിവാദ വ്യവസായി വിജയ് മല്ല്യ

വിജയ് മല്ല്യ

ദില്ലി: വിവാദങ്ങള്‍ക്കു ചെവി കൊടുക്കാതെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇനിയുള്ള ക്രിക്കറ്റ് മത്സരങ്ങളും കാണുമെന്ന് വിവാദ വ്യവസായി വിജയ് മല്ല്യ. എഡ്ജ്ബാസ്റ്റണില്‍ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരം കാണാന്‍ മല്ല്യ എത്തിയത് ദേശീയ മാധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ ഇനിയും എത്തുമെന്ന് മല്ല്യ ട്വിറ്ററിലൂടെ അറിയിച്ചു. മാധ്യമങ്ങളുടെ സെന്‍സേഷണല്‍ കവറേജിനെക്കുറിച്ച് പരാമര്‍ശിക്കുവാനും മല്ല്യ മറന്നില്ല.

Wide sensational media coverage on my attendance at the IND v PAK match at Edgbaston. I intend to attend all games to cheer the India team.

— Vijay Mallya (@TheVijayMallya) 6 June 2017

കൂടാതെ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലി ലോകോത്തരനിലവാരമുള്ള ക്യാപ്റ്റനും, മാന്യനുമാണെന്നും മറ്റൊരു ട്വീറ്റില്‍ കോഹ്‌ലിയെ പുകഴ്ത്തികൊണ്ട് മല്ല്യ പറഞ്ഞു.

ഇന്ത്യ പാക് മത്സരം കാണാനെത്തിയ വിജയ്മല്ല്യയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങടക്കം പുറത്തുവിട്ടിരുന്നു. ഗാലറിയിലിരുന്ന കളി ആസ്വദിക്കുന്ന മല്ല്യയുടെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും  പ്രചരിച്ചിരുന്നു. ഗാലറിയില്‍ ഇരുന്ന് കളി കാണുന്നതിന്റേയും മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ക്ക് ഫോണില്‍ എന്തോ കാണിച്ചു കൊടുക്കുന്നതിന്റേയും ദൃശ്യങ്ങളാണ്  സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. ഐപിഎല്‍ ടീം റോയല്‍ ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന വിജയ് മല്ല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞത്.

6963 കോടി രൂപയാണ് വായ്പ കുടിശ്ശികയായി മല്ല്യ തിരിച്ചടക്കാനുള്ളത്. പലിശയടക്കം ഈ തുക 9000 കോടി രൂപയായിട്ടുണ്ട്. 2014 മുതലാണ് മല്ല്യയ്‌ക്കെതിരെയുള്ള സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐഡിബിഐ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്നിങ്ങോട്ട് നിരവധി കേസുകള്‍ മല്യയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്. നിരവധി തവണ മല്യയ്ക്ക് കീഴടങ്ങാന്‍ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല. മല്യ കഴിഞ്ഞ മാര്‍ച്ചിലാണ് ലണ്ടനിലേക്ക് മുങ്ങിയത്.കഴിഞ്ഞ മാസം ലണ്ടന്‍ പോലീസ് അറസ്റ്റു ചെയ്ത മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. വരുന്ന ജൂണ്‍ 13 ന് വിചാരണ നേരിടും.

DONT MISS
Top