നയതന്ത്രബന്ധം വിച്ഛേദിക്കല്‍, ഖത്തറില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യത

ഖത്തര്‍ (ഫയല്‍)

ദുബായ്: സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം നഷ്ടമായതോടെ ഖത്തറില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. സൗദിയുമായുള്ള റോഡ് മാര്‍ഗ്ഗമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് ഇതിന് പ്രധാനകാരണം. ഭക്ഷ്യവസ്തുക്കളുടെ വന്‍ വിലക്കയറ്റവും ഖത്തറില്‍ ഉടന്‍ ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

ജിസിസി അംഗമായ ഖത്തറിനെതിരെ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. തീരുമാനം രാജ്യത്തിന്റെ സമ്പദ് ഘടനയെ ഹനിക്കുന്നുവെങ്കില്‍ അതിനെതിരെ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ തുടങ്ങിയ വിമാനകമ്പനികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഖത്തര്‍ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സൗദി അറേബ്യ, ബഹറിന്‍, ഈജിപ്റ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ല നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ജിസിസി രാജ്യങ്ങളുടെ ഈ പ്രഖ്യാപനത്തിനു പിന്നാലെ യെമനും നയന്ത്രം ബന്ധം വിച്ഛേദിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഖത്തറുമായുള്ള എല്ലാ വ്യോമ- നാവിക ഗതാഗത സംവിധാനങ്ങളും റദ്ദാക്കുമെന്നും യെമൻ അറിയിച്ചു.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഖത്തര്‍ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തി ക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ നീക്കം. റിയാദിൽ അറബ് ഇസ്‌ലാമിക് അമേരിക്കൻ ഉച്ചകോടി നടന്ന് ഒരാഴ്ച പിന്നിടുമ്പോഴേക്കാണ് ഖത്തറിനതിരെ കടുത്ത നിലപാടുകളുമായി അയൽ രാജ്യങ്ങൾ രംഗത്തെത്തിയത്.

DONT MISS
Top