ഇന്ത്യ-പാക് കളി കാണാന്‍ എഡ്ജ്ബാസ്റ്റണിലെ വിഐപി ഗാലറിയില്‍ വിജയ് മല്യയും

ലണ്ടന്‍: ഇന്ത്യ പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ വിജയ് മല്ല്യയും. മത്സരത്തിന് സാക്ഷ്യം വഹിച്ച് വിഐപി ഗാലറിയിലിരിക്കുന്ന വിജയ് മല്ല്യയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. വായ്പ തിരിച്ചടിക്കാതെ മുങ്ങിയ കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് വിജയ് മല്ല്യ. 9000 കോടി രൂപയാണ് മല്ല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്.

ഗാലറിയിലിരുന്ന കളി ആസ്വദിക്കുന്ന മല്ല്യയുടെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഗാലറിയില്‍ ഇരുന്ന് കളി കാണുന്നതിന്റേയും മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ക്ക് ഫോണില്‍ എന്തോ കാണിച്ചു കൊടുക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഐപിഎല്‍ ടീം റോയല്‍ ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സിന്റെ ഉടമയായിരുന്ന വിജയ് മല്ല്യ സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞത്.


6963 കോടി രൂപയാണ് വായ്പ കുടിശ്ശികയായി മല്യ തിരിച്ചടക്കാനുള്ളത്. പലിശയടക്കം ഈ തുക 9000 കോടി രൂപയായിട്ടുണ്ട്. 2014 മുതലാണ് മല്ല്യയ്‌ക്കെതിരെയുള്ള സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐഡിബിഐ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്നിങ്ങോട്ട് നിരവധി കേസുകള്‍ മല്യയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്. നിരവധി തവണ മല്യയ്ക്ക് കീഴടങ്ങാന്‍ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

DONT MISS
Top