ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വിക്ഷേപണം ഇന്ന്

ജിഎസ്എല്‍വി മാര്‍ക്ക് 3

തിരുവനന്തപുരം: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വിക്ഷേപണം ഇന്ന്. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചാണ് വിക്ഷേപണം നടക്കുക, 3,136 കിലോ ഭാരമുള്ള ജി സാറ്റ് 19 വാര്‍ത്താവിനിമയ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. 16.2 മിനിട്ടില്‍ വിക്ഷേപണം പൂര്‍ത്തിയാകും. വിക്ഷേപണം വിജയകരമായാല്‍ ഇന്ത്യക്കാരനെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തിന് ഇന്ത്യ ഒരുപടി കൂടി അടുക്കും.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ന് വൈകുന്നേരം 5.30നാണ് പറന്നുയരുക. തിരുവനന്തപുരം വിഎസ്‌സിയില്‍ 25 വര്‍ഷത്തെ ശ്രമഫലമായി നിര്‍മിച്ച റോക്കറ്റിന്റെ ഭാരം 640 ടണ്‍ആണ്. 4 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിദൂര ഭ്രമണപഥത്തിലെത്തിക്കുന്ന മാര്‍ക്ക്3 റോക്കറ്റിന് 10 ടണ്‍ ഭാരം സമീപ ഭ്രമണ പഥത്തിലെത്തിക്കാനും സാധിക്കും. തദ്ദേശീമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിനാണ് റോക്കറ്റിന് കരുത്തുപകരുക.

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 19 ഉപഗ്രഹവുമായാണ് റോക്കറ്റിന്റെ കന്നികുതിപ്പ്. വാര്‍ത്തവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, അതിവേഗ ഇന്റര്‍നെറ്റ് എന്നിവക്കുള്ള അത്യാധുനിക ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്ന ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. റഷ്യ, ചൈന, അമേരിക്ക, യുറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് 4 ടണ്‍ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ശേഷിയുള്ളത്. ഈ നിരയിലേക്കുള്ള ഇന്ത്യന്‍ രംഗപ്രവേശമായാണ് മാര്‍ക്ക് 3 വിക്ഷേപണത്തെ കാണുന്നത്.

DONT MISS
Top