‘ ജനങ്ങളെ പ്രകൃതിയുമായി ഇണക്കുക’: പച്ചപ്പിനെയും പ്രകൃതിയെയും ഓര്‍മ്മിപ്പിച്ച് കൊണ്ട് ഇന്ന് ലോകപരിസ്ഥിതി ദിനം

പ്രതീകാത്മകചിത്രം

ഞൊടിയിടെ അപ്രത്യക്ഷമാകുന്ന പച്ചപ്പിനെയും പ്രകൃതിയെയും ആവാസ വ്യവസ്ഥകളെയും ഓര്‍മ്മിപ്പിച്ച് കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. 1974 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ചാണ് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിച്ച് വരുന്നത്. ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.

ആഗോളതാപനം തടയുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായ പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറുകയാണെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടയിലാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും അതുവഴി ആഗോളതാപനം പടിപടിയായി കുറച്ചുവരുന്നതിനുമാണ് 2015 ല്‍ പാരീസില്‍ ചേര്‍ന്ന ലോകരാജ്യങ്ങളുടെ സമ്മേളനത്തില്‍ ധാരണയായിരുന്നത്. ഈ തീരുമാനത്തിന് വെല്ലുവിളി ഉയര്‍ത്തിയാണ് കാര്‍ബണ്‍ പുറന്തള്ളലില്‍ രണ്ടാമത് നില്‍ക്കുന്ന അമേരിക്കയുടെ തീരുമാനം.

പ്രകൃതിയില്‍ നിന്നും അകന്ന് മാറികൊണ്ടിരിക്കുന്ന സമൂഹത്തെ ലക്ഷ്യമിട്ട് ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സന്ദേശം. മണ്ണ്, സസ്യങ്ങള്‍, പക്ഷികള്‍, ജലം തുടങ്ങി പ്രകൃതിയുമായുളള മനുഷ്യരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യത്തെപറ്റിയും ഈ സന്ദേശം വ്യക്തമാക്കുന്നു. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതിനും, പുഴകളും തോടുകളും അപ്രത്യക്ഷമാകുന്നതിനും പിന്നില്‍ മനുഷ്യന്റെ ലാഭേച്ഛമാത്രമാണെന്നും ഈ സന്ദേശം നമ്മെ ഓര്‍മിപ്പിക്കുന്നു. ആചരിച്ചുതുടങ്ങിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ ദിനത്തിന്റെയും വിഷയത്തിന്റെയും പ്രസക്തി കുറയുകയല്ലാതെ കൂടുന്നതായാണ് കാണുന്നത്.

DONT MISS
Top