രണ്ടാമൂഴം നല്ല നോവലാണെന്ന് കെപി ശശികല

എംടിയും ശശികലയും

കൊച്ചി: എഴുത്തച്ഛന്റെ രാമായണം പോലെ രണ്ടാമൂഴവും സ്വതന്ത്ര കൃതിയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. അത് വ്യാസമഹാഭാരതത്തിന്റെ വിവര്‍ത്തനമല്ല. സ്വതന്ത്രകൃതി വളരെ നല്ലതാണ്. രണ്ടാമൂഴം താന്‍ വായിച്ചിരുന്നു. അത് നല്ല നോവലാണെന്നും ശശികല അഭിപ്രായപ്പെട്ടു. പക്ഷെ അത് മഹാഭാരതത്തിന്റെ പേരിലിറങ്ങരുത്. പണ്ട് പൂമ്പാറ്റയില്‍ വന്ന അമര്‍ചിത്രകഥ മഹാഭാരതത്തിന്റെ ശരിയായ അവതരണമായിരുന്നുവെന്നും ശശികല അഭിപ്രായപ്പെട്ടു. രണ്ടാമൂഴത്തിലെ ഭീമനും നല്ലതാണ്, മഹാഭാരതത്തിലെ ആ ഭീമനും നല്ലതാണ്. പക്ഷെ മഹാഭാരതത്തില്‍ സ്ത്രീ ലമ്പടനായ ഭീമനെയല്ല താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ രണ്ടാമൂഴമെന്ന് പേരിടാന്‍ തീരുമാനിച്ചതോടെ ഹിന്ദു ഐക്യവേദി ഉയര്‍ത്തിയ പ്രതിഷേധം ശരിയെന്ന് വ്യക്തമായിയെന്നും അവര്‍ പറഞ്ഞു. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി സിനിമയാക്കാം. പക്ഷെ രണ്ടാമൂഴം മഹാഭാരതമല്ല. അതിനാല്‍ തന്നെ മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കരുത്. മഹാഭാരതത്തിന് കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. അത് കഥയ്ക്ക് വേണ്ടിയാണ്. പക്ഷെ രണ്ടാമൂഴത്തിലേത് മറ്റൊരു രൂപത്തിലാണ്. മൂഡും ആത്മാവും മാറ്റിയെടുത്താണ് ഈ കഥ. സ്വന്തം കഥയില്‍ എംടിക്ക് വിശ്വാസം വേണം. ആ പേരില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കില്‍ ആ പേരില്‍ തന്നെ സിനിമ ഇറക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.

അശ്വത്ഥാമ ഹത പോലെയാണ് പുതിയ ഇംഗ്ലീഷ് സിനിമയുടെ പേരെന്നും ശശികല അഭിപ്രായപ്പെട്ടു. ബേസ്ഡ് ഓണ്‍ എംടീസ് രണ്ടാമൂഴം എന്ന് എന്തിന് ഉപയോഗിക്കുന്നു. മഹാഭാരതത്തെ ഇങ്ങനെ വ്യാഖ്യാനിക്കാന്‍ എംടിക്കുള്ള അവകാശം, മഹാഭാരതമെന്ന് പേരിടരുതെന്ന് ആവശ്യപ്പെടാന്‍ തനിക്കുമുണ്ടെന്നും ശശികല വ്യക്തമാക്കി. പ്രതിഷേധം മഹാഭാരതം എന്നുള്ളതുകൊണ്ടാണ്. തീയറ്റര്‍ ആക്രമിക്കുമെന്നല്ല താന്‍ പറഞ്ഞത്. സിനിമ തീയറ്ററില്‍ കാണില്ല എന്നാണ് താന്‍ പറഞ്ഞത്,തീയറ്റര്‍ കാണില്ല എന്ന് പറഞ്ഞിട്ടില്ല. രണ്ടാമൂഴമെന്ന പേരില്‍ സിനിമ വരട്ടെയെന്നും അവര്‍ പറഞ്ഞു.

അതേസമയം എംടി കേരളത്തിന്റെ പുണ്യവും വരദാനവുമാണെന്നായിരുന്നു ന്യൂസ്‌നൈറ്റില്‍ പങ്കെടുത്ത ബിജപി നേതാവ് പിഎസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടത്. എംടി ഒരു കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മാല്യം ഇറങ്ങിയ കാലത്ത് ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയില്‍ വന്നതെന്താണെന്ന് തനിക്ക് അറിയാം. ഈ വിഷയത്തിലും എംടി ചെളിവാരിയെറിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിഹാസങ്ങളെ ഇടതുപക്ഷം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിവാദമുണ്ടാക്കി ആര്‍എസ്എസിനെ അപമാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാമൂഴമെന്ന മലയാളത്തിലെ പേര് പുതിയ തീരുമാനമല്ല. എംടി സ്‌ക്രിപ്റ്റ് തന്നത് ഈ പേരില്‍ തന്നെയാണെന്നും സംവിധായകന്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ടര്‍ ന്യൂസ് നൈറ്റില്‍ പറഞ്ഞു. മലയാളിക്ക് രണ്ടാമൂഴം സുപരിചിതമാണ്. എംടിയുടെ തര്‍ജിമയ്ക്ക് പല ഭാഷയില്‍ പല പേരുകളാണ്. അതിനാല്‍ എല്ലാവര്‍ക്കും തിരിച്ചറിയാനാണ് ഇത്തരത്തിലുള്ള പേര് ഇട്ടത്. ‘മഹാഭാരത ബേസ്ഡ് ഓണ്‍ എംടി വാസുദേവന്‍ നായര്‍’സ് നോവല്‍ രണ്ടാമൂഴം’ എന്നായിരിക്കും യഥാര്‍ത്ഥ പേര്. മഹാഭാരത കഥ തന്നെയാണ് രണ്ടാമൂഴവും. ഇവ തമ്മില്‍ വസ്തുതാപരമായ മാറ്റമില്ല. എംടി വ്യാസന്റെ മൗനങ്ങളെ അഭിസംബോധന ചെയ്തുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി 18 വര്‍ഷം കൊണ്ട് എഴുതപ്പെട്ട പുസ്തകമാണ് രണ്ടാമൂഴം. എടിയെപ്പോലെ ഇക്കാര്യത്തില്‍ ഗവേഷണം ചെയ്ത മറ്റൊരാളില്ല. മഹാഭാരതത്തില്‍ ഇടപെട്ട കൃഷ്ണന്‍ മാത്രമേ സിനിമയിലുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ കൃഷ്ണന് ദിവ്യത്വം ഉണ്ടെന്നും അദ്ദേഹം ന്യൂസ് നൈറ്റില്‍ വ്യക്തമാക്കി. ശശികല ഭീഷണിയാണോയെന്ന ചോദ്യത്തിന്, ഭീഷണിയായി കാണുന്നില്ല എന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. സിനിമയെക്കുറിച്ച് അവര്‍ മനസിലാക്കിയത് പോലെ അവര്‍ പറയുന്നു. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് മോശമായോ ഭീഷണിയായോ കാണുന്നില്ല. ഇനി ഒരു വിവാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top