പാകിസ്താനെ തോല്‍പ്പിക്കുന്നത് ഗംഗയില്‍ പാപം കഴുകി കളയുന്നതിന് തുല്യം: നവജോത് സിംഗ് സിദ്ദു

നവജോത് സിങ് സിദ്ധു

അമൃത്സര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ബദ്ധ വൈരികളായ പാകിസ്താനെ പരാജയപ്പെടുത്തുന്നത് അഭിമാനത്തോടൊപ്പം പുണ്യനദിയായ ഗംഗയില്‍ പാപം കഴുകികളയുന്നതിന് തുല്യമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും, പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ദു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടയിലാണ് സിദ്ദുവിന്റെ പ്രസ്താവന. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മത്സരത്തിനായുള്ള എല്ലാവിധ ആശംസകളും സിദ്ദു നേരുന്നുണ്ട്.

ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകരെ കൂടാതെ ലോകമെമ്പാടുമുളള ക്രിക്കറ്റ് ആരാധകര്‍ ഇന്ന് മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുത മത്സരമാണ് ഇത്തവണ കാണാന്‍ പോകുന്നതെന്നും സിദ്ദു പറയുന്നു. രാജ്യത്തിന്റെ അന്തസ് വരുമ്പോള്‍ പാകിസ്താനെ തോല്‍പ്പിക്കുന്നത് ഗംഗയില്‍ പാപം കഴുകി കളയുന്നതിന് തുല്യമാണെന്നും സിദ്ദു പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടന്നത് നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍, മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്. അതിര്‍ത്തിയിലെ  നിലയ്ക്കാത്ത വെടിയൊച്ച, കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കളം വാഴുമ്പോഴാണ്, ചിരവൈരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

അതേസമയം ഇന്ത്യ-പാകിസ്താന്‍ മാച്ച് ബഹിഷ്‌കരിക്കുമെന്ന് സീ മീഡിയ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയായാണ് പാകിസ്താനുമായുള്ള ഇന്ത്യയുടെ മാച്ച് സീ മീഡിയ ബഹിഷ്‌കരിക്കുന്നത് . സീ മീഡിയയുടെ സീ ന്യൂസ്, സീ ഹിന്ദുസ്ഥാന്‍, വേള്‍ഡ് ഈസ് വണ്‍ ന്യൂസ്, ഡിഎന്‍എ എന്നീ മാധ്യമങ്ങള്‍ ക്രിക്കറ്റ് മാച്ച് സംബന്ധിച്ച ഒരു വാര്‍ത്ത പോലും സംപ്രേഷണം ചെയ്യില്ലയെന്നും അറിയിച്ചിരുന്നു.  പാക് സൈന്യം തലയറുത്ത് കൊലപ്പെടുത്തിയ ബിഎസ്എഫ് ജവാന്‍ പ്രേം കുമാറിന്റെ കുടുംബവും ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top