ജിഎസ്ടി സിനിമ മേഖലയ്ക്ക് വിനയാകും: ആശങ്ക അറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കി

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ജിഎസ്ടിയുടെ വരവോടെ സിനിമമേഖല കനത്ത പ്രതിസന്ധി നേരിടുമെന്ന് ഫെഫ്ക . ഈ വിഷയത്തിലുള്ള തങ്ങളുടെ ആശങ്കകള്‍ അറിയിച്ചും, ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമ ചിത്രീകരണം ഉള്‍പ്പടെ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നുമറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കി.

നില്‍വില്‍ സിനിമ ടിക്കറ്റിന് ഈടാക്കുന്ന ഇരുപത്തിയഞ്ച് ശതമാനം നികുതി ജിഎസ്ടി നടപ്പിലാക്കുന്നതോടെ അന്‍പത്തി മൂന്ന് ശതമാനമായി വര്‍ദ്ധിക്കും. ഇത് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാകും. തുടര്‍ന്ന് തീയേറ്ററിലെത്താന്‍ പ്രേക്ഷകന്‍ മടിക്കുകയും, ചിത്രീകരണത്തിനും, വിതരണത്തിനും തിയറ്റര്‍ നടത്തിപ്പിനും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

തകര്‍ച്ചയില്‍ നിന്നും കരകയറുന്ന മലയാള സിനിമ വലിയ തിരിച്ചടിയ്ക്കാകും ജിഎസ്ടി വഴിവെയ്ക്കുക എന്ന് സിനിമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അന്യഭാഷ സിനിമകള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കണം, അല്ലെങ്കില്‍ നിലവിലെ നികുതി പൂര്‍ണമായും കുറയ്ക്കാന്‍ തയാറാകണം എന്നീ പരിഹാരങ്ങളാണ് ധനമന്ത്രിക്ക് നല്‍കിയ നിവേധനത്തില്‍ ഫെഫ്ക ഭാരവാഹികള്‍ നിര്‍ദ്ദേശിക്കുന്നത്.

ജിഎസ്ടി പ്രാദേശിക സിനിമയ്ക്ക് വലിയ വെല്ലുവിളിയാണെന്നും, ഇത് നടപ്പാക്കിയാല്‍ താന്‍ സിനിമ അഭിനയം അവസാനിപ്പിക്കുമെന്ന നിലപാടുമായി കമല ഹാസന്‍ രംഗത്ത് എത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top