ഫ്രഞ്ച് ഓപ്പണ്‍: മറെ, വാവ്‌റിങ്ക, സ്വിറ്റോലിന എന്നിവര്‍ മൂന്നാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ടോപ് സീഡ് ബ്രിട്ടന്റെ ആന്റി മറെ, മൂന്നാം സീഡ് സ്വിസ് താരം വാവ്‌റിങ്ക എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ അഞ്ചാം സീഡ് എലേന സ്വിറ്റോലിന, ഒമ്പതാം സീഡ് ആഗ്നേസ്‌ക റഡ്വാന്‍സ്‌ക എന്നിവരും രണ്ടാം റൗണ്ടില്‍ വിജയം കണ്ടു.

അല്‍പം വിയര്‍ത്ത ശേഷമാണ് മറെ രണ്ടാം റൗണ്ടില്‍ വിജയിച്ചത്. സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനാണ് മറെയ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. സ്‌കോര്‍ (7-6, 2-6, 2-6, 6-7). വാവ്‌റിങ്ക യുക്രൈന്റെ ഡോല്‍ഗോപോലോവിനെ അനായാസം കീഴടക്കിയാണ് (6-4, 7-6, 7-5) മുന്നേറിയത്. ഏഴാം സീഡ് മരിന്‍ സിലിക്, എട്ടാം സീഡും ഏഷ്യന്‍ പ്രതീക്ഷയുമായ കെയ് നിഷികോരി, പതിനഞ്ചാം സീഡ് ഗെല്‍ മോണ്‍ഫില്‍സ്, ഇരുപത്തിയൊന്നാം സീഡ് ജോണ്‍ ഇസ്‌നര്‍, ഇരുപത്തിയെട്ടാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി, ഇരുപത്തിയൊന്‍പതാം സീഡ് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, എന്നിവരും മൂന്നാം റൗണ്ടില്‍ എത്തി. അതേസമയം ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക് റഷ്യയുടെ കച്ചാനോവിനോട് (5-7, 4-6, 4-6) തോറ്റുപുറത്തായി. മുപ്പതാം സീഡ് സ്‌പെയിനിന്റെ ഡേവിഡ് ഫെററും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ നാട്ടുകാരനായ  ഫെലിസിയാനോ ലോപസാണ് ഫെററെ മടക്കിയത്. സ്‌കോര്‍ (7-5, 3-6, 7-5, 4-6, 6-4).

വനിതാ വിഭാഗത്തില്‍ സ്വിറ്റോലിന പിറങ്കോവയെ (3-6, 6-3, 6-2) മറികടന്നപ്പോള്‍ റഡ്വാന്‍സ്‌ക വാന്‍ ഉട്‌വാങ്കിനെ (6-7, 6-2, 6-3) തോല്‍പ്പിച്ചു. അതേസമയം ഇരുപതാം സീഡ് ബാര്‍ബറ സ്‌ട്രൈക്കോവ, ഇരുപത്തിയൊന്‍പതാം സീഡ് അന്ന കോഞ്ജു എന്നിവര്‍ പുറത്തായി. രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവ, പതിനാലാം സീഡ് എലീന വെസ്‌നീന, പതിനേഴാം സീഡ് അനസ്താസിയ സെവസ്‌റ്റോവ, സിമോണ ഹാലെപ്, ഇരുപത്തിയാറാം സീഡ് ഡാരിയ കസാത്കിന എന്നിവരും മൂന്നാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ അലീസ കോര്‍നെറ്റാണ് സ്‌ട്രൈക്കോവയുടെ മുന്നേറ്റം തടഞ്ഞത്. സ്‌കോര്‍ (6-4, 6-1).

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top