ലോക സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹമെന്ന് രാധിക ആപ്‌തേ

മുംബൈ: കേവലം ഹോളിവുഡിന്റെയോ, ബ്രിട്ടീഷ് സിനിമ വ്യവ്യസായത്തിന്റെയൊ അല്ല മറിച്ച് ലോക സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹമെന്ന് നടി രാധികാ ആപ്‌തേ. ഞാന്‍ ഹോളിവുഡില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വപ്‌നം ലോക സിനിമയുടെ ഭാഗമാവുകയെന്നതാണ്.  അതിനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷയെന്നും രാധികാ ആപ്‌തേ പറഞ്ഞു.

2005ല്‍ പുറത്തിറങ്ങിയ വാഹ് ലൈഫ് ഹോ തോ ഐസീ എന്ന സിനിമയിലെ ചെറിയ റോളിലൂടെയാണ് രാധിക ആപ്‌തേ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഷോര്‍ ഇന്‍ ദ് സിറ്റി, ബദലാപൂര്‍,കബാലി, ഫോബിയ തുടങ്ങിയ സിനിമയിലൂടെയും അഹല്യ ഷോര്‍ട്ട് ഫിലിമിലൂടെയും പ്രശസ്തയായി. ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ രാധികാ ആപ്‌തേ മലയാള സിനിമയുടെയും ഭാഗമായിട്ടുണ്ട്.

പൂനെ സ്വദേശിയായ രാധിക ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ് താമസം. സിനിമയുടെ പുറത്തും തന്റെ ശക്തമായ നിലപാട് കൊണ്ട് ശ്രദ്ധേയയാണ് രാധികാ അപ്‌തേ. തന്റെ നിലപാടുകള്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളിലും രാധിക ഇടംനേടി. സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ച്ച്ഡിലെ അഭിനയത്തിന് രാധിക ആപ്തെയ്ക്ക്  വന്‍ നിരൂപക പ്രശംസ ലഭിച്ചിരുന്നു.

അക്ഷയ് കുമാര്‍, സോനം കപൂര്‍ എന്നിവര്‍ക്കൊപ്പം പ്രധാന കഥാപാത്രമാകുന്ന പാഡ്മാനാണ് രാധികയുടെ പുതിയ സിനിമ. ചുരുങ്ങിയ ചിലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മ്മിച്ച കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുകാനന്ദന്‍ നടത്തിയ ശ്രമങ്ങള്‍ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. തമിഴ്നാട് സ്വദേശി ആര്‍. ബല്‍കിയാണ് സിനിമ ഒരുക്കുന്നത്.

ചീനി കം, ഇംഗ്ലീഷ് വിംഗ്ലീഷ്,  അമിതാഭ് ബച്ചന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത പാ, അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ബല്‍കി. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ആദ്യമായി നിര്‍മാണത്തിന്റെ ഭാഗമാവുന്ന സിനിമ കൂടിയാണ് പാഡ്മാന്‍.

DONT MISS
Top