കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനായി വ്യാപകമായി ശബ്ദ സന്ദേശങ്ങള്‍ പ്രചരിക്കുന്നു; സന്ദേശങ്ങള്‍ക്കു പിന്നില്‍ ഐഎസ് ക്യാമ്പിലെത്തിയ മലയാളികളെന്നു സൂചന

കാസര്‍ഗോഡ്: മലയാളികള്‍ക്കിടയില്‍ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയ വഴി വ്യാപകമായി ശബ്ദ സന്ദേശങ്ങള്‍ എത്തുന്നു. കാസര്‍ഗോഡ് നിന്നും ഐഎസ് ക്യാമ്പിലെത്തിയ മലയാളികളാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് പിന്നാലാണെന്നാണ് സൂചന. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനോടൊപ്പം ഐഎസിലേക്ക് തങ്ങള്‍ എത്തിപ്പെട്ടതിനേയും ഐഎസിനേയും ന്യായീകരിച്ചു കൊണ്ടുള്ളതാണ് സന്ദേശങ്ങള്‍.

കാസര്‍കോട് നിന്നും ഐഎസ് ക്യാമ്പിലെത്തിയ മലയാളികളുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ പതിനെട്ടോളം സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. അമേരിക്ക നടത്തിയ ഐഎസിനെതിരെയുള്ള ആക്രമണത്തില്‍ നേരത്തെ മൂന്നോളം മലയാളികള്‍ കൊല്ലപ്പെട്ടിരുന്നു.ഇതിലും വിശദീകരണം നല്‍കുന്നതാണ് പുതിയ സന്ദേശം.

ഇതിനിടയില്‍ ഇളമ്പച്ചിയില്‍ നിന്നും കാണാതായ ഫിറോസ്ഖാന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് പുതിയ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. ഫിറോസ് കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയാണെന്നും ഫിറോസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ പുതിയ വിവരങ്ങളും സന്ദേശങ്ങളും ദേശീയ അന്വേഷണ ഏജന്‍സികളടക്കമുള്ള സുരക്ഷ സംഘങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയാണ്.

DONT MISS
Top