ബീഫ് ഫെസ്റ്റിവലുകള്‍ക്ക് നേരെ ബിജെപി, എബിവിപി, സംഘപരിവാര്‍ ആക്രമണം, ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കണ്ണിന് പരിക്കേറ്റ സൂരജ്

ചെന്നെെ/ ബംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനത്തിനെതിരെ നടത്തിയ ബീഫ് ഫെസ്റ്റിവലുകള്‍ക്കുനേരെ ബിജെപി, സംഘപരിവാര്‍ ആക്രമണം. ഐഐടി മദ്രാസില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍, ബംഗളൂരുവില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ എന്നിവയാണ് സംഘപരിവാര്‍ ആക്രമണം നേരിട്ടത്.

ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകരാണ് ഹോസ്റ്റലില്‍ വെച്ച് ആര്‍ സൂരജ് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. എയറോസ്‌പേസ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ സൂരജിനെ ഏഴോളം പേരാണ് ആക്രമിച്ചതെന്ന് ബീഫ് ഫെസ്റ്റ് സംഘാടകര്‍ പറയുന്നു. സൂരജിന്റെ വലതുകണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സൂരജിനെ ശങ്കര നേത്രാലയയിലേക്ക് മാറ്റി. സംഭവത്തില്‍ ഐഐടി മദ്രാസ് ഡീനിന് പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണെന്നും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച അഭിനവ് സൂര്യ എന്ന വിദ്യാര്‍ത്ഥി പറയുന്നു.

“സൂരജ് ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തു എന്ന് പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചുറ്റും കൂടി നിന്ന് കസേരയില്‍ ബലം പ്രയോഗിച്ച് പിടിച്ചിരുത്തി കൈകള്‍ പിന്നില്‍ കെട്ടിയാണ് ആക്രമിച്ചത്.”മനോജ് പരമേശ്വരന്‍ എന്ന ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥി പറയുന്നു. ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗത്തിലെ മനീഷ് കുമാര്‍ സിംഗ് എന്ന വിദ്യാര്‍ത്ഥിയാണ് സൂരജിനെ ആക്രമിച്ചതെന്നും മനോജ് പറയുന്നു. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് മനീഷ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല സൂരജ് ആക്രമിക്കപ്പെട്ടത്, ഈ വിദ്യാര്‍ത്ഥിയെ സൂരജിന് അറിയില്ല എന്നും മനോജ് പറഞ്ഞു.

ബംഗളൂരുവില്‍ mooment bengaluru എന്ന പേരില്‍ നടക്കാനിരുന്ന ബീഫ് ഫെസ്റ്റിവലിന് ബംഗളൂരു പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ബംഗളൂരു ടൗണ്‍ ഹാളിനു മുന്നിലായിരുന്നു പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ജനാധിപത്യപരമായ ഏതൊരു സമരത്തെയും അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇന്ത്യയില്‍ പൊലീസ് നടപ്പിലാക്കുന്നത്, ഈ നടപടി പരിഹാസ്യമാണ് ബീഫ് ഫെസ്റ്റ് സംഘാടകരില്‍ ഒരാളായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വര്‍ക്കി പ്രാക്കല്‍ പറഞ്ഞു. ബീഫ് കഴിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യാനെത്തിയവരും ബീഫ് കഴിക്കുന്നതിനെതിരെ സമരം ചെയ്യാനെത്തിയവരും ഏറ്റുമുട്ടിയപ്പോള്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരവധി ബിജെപി നേതാക്കളും തീവ്രവലതുപക്ഷ സംഘടനകളുടെ പ്രതിനിധികളും ബീഫ് ഫെസ്റ്റിവല്‍ തടയാനെത്തി.

DONT MISS
Top