‘അത് സുഡാപ്പികള്‍ എന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോഷോപ്പ് ചിത്രം’; ബീഫ് കഴിക്കുന്ന ആളാണെന്ന് പറയുന്നതിനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്

വിവാദമായ ചിത്രവും സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റും

കൊച്ചി: താന്‍ ബീഫ് കഴിക്കുന്നയാളാണെന്ന് പരിഹസിച്ച കടകംപള്ളി സുരേന്ദ്രനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്. ബീഫ് റോസ്റ്റ് കഴിച്ച് ഉള്ളിക്കറിയാണെന്ന് പറയുന്നയാളാണ് സുരേന്ജ്രനെന്നായിരുന്നു കടകംപള്ളിയുടെ പരിഹാസം. എന്നാല്‍ എങ്ങനെ ഇത്തരത്തില്‍ പറയാന്‍ സുരേന്ദ്രന് സാധിക്കുന്നുവെന്നാണ് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഉള്ളിക്കറി ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

തന്റെ പേജിലിട്ടിരിക്കുന്ന ഫോട്ടോയുടെ ആധികാരികതയില്‍ പ്രതിഷേധിക്കുന്ന കടകംപള്ളി, ഏത് ആധികാരിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ബീഫ് കഴിക്കുന്ന ആളാണെന്ന് പറയുന്നതെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. സുഡാപ്പികള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോഷോപ്പ് ചിത്രം ചൂണ്ടിക്കാണിച്ച്് ഒരു മന്ത്രി ഇത്തരം വിലകുറഞ്ഞ നാലാംകിട പ്രചാരണം നടത്തുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നും കടകംപള്ളി ചോദിച്ചു. ദേവസ്വം മന്ത്രിയായ കടകംപള്ളി താന്‍ കഴിച്ചത് പശുവിറച്ചി അല്ലെന്നും പോത്തിറച്ചിയാണെന്നും എന്തിനാണ് വിശദീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പശുവും പോത്തും തമ്മില്‍ കടകംപള്ളിക്ക് എന്താണ് വ്യത്യാസമെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. പശുവില്‍ കടകംപള്ളി ദിവ്യത്വം കല്‍പ്പിക്കുന്നുണ്ടോ. കേരളത്തില്‍ ഗോവധനിരോധനമില്ലല്ലോ, പിന്നെ എന്തിനാണ് കടകംപള്ളി പശു ഇറച്ചിയെക്കുറിച്ച് വേവലാതിപ്പെടുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. അപ്പോള്‍ പശുവിനെ കൊല്ലുന്നതില്‍ ഒരു ശരികേടുണ്ടെന്ന കാര്യം കടകംപള്ളിയും പരോക്ഷമായി സമ്മതിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. എങ്കില്‍ പിന്നെ അതങ്ങ് തുറന്നു പറഞ്ഞു കൂടേ. ദേവസ്വം മന്ത്രി എന്നൊക്കെ പറഞ്ഞാല്‍ സമൂഹം ഒരു നിലവാരം കല്‍പ്പിക്കുന്നുണ്ട്. കടകംപള്ളിക്ക് ഈ നാട്ടിലെ വിശ്വാസി സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. മറ്റുമന്ത്രിമാരില്‍ നിന്നും വ്യത്യസ്ഥമായ ഒരു പെരുമാറ്റരീതി ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ എസി മൊയ്തീനും കെടി ജലീലിനും ആ വകുപ്പ് കൊടുക്കാതെ കടകംപള്ളിക്ക് തന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സുരേന്ദ്രന്റെ ഒരു ചിത്രം ബീഫ് കഴിക്കുന്നതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ സജീവമായി പ്രചരിച്ചിരുന്നു. ചിത്രം പ്രചരിച്ചപ്പോള്‍ താന്‍ ഉള്ളിക്കറി കഴിക്കുകയായിരുന്നുവെന്ന അദ്ദേഹത്തിന്റെ വിശദീകരണവും ഏറെ ചര്‍ച്ചയായിരുന്നു. പലരും ഇക്കാര്യം ഉന്നയിച്ച് ഇപ്പോളും സുരേന്ദ്രനെ കളിയാക്കാറുമുണ്ട്. ഇതേ മാര്‍ഗവുമായി രംഗത്തെത്തിയ കടകംപള്ളിക്കാണ് സുരേന്ദ്രന്‍, ചിത്രമേ ഫോട്ടോഷോപ്പാണെന്ന മറുപടി നല്‍കിയിരിക്കുന്നത്.

ദേവസ്വം മന്ത്രി ബഫ് കഴിച്ചെന്ന നിലയിലുള്ള സുരേന്ദ്രന്റെ ആരോപണത്തിനായിരുന്നു കടകംപള്ളി മറുപടി നല്‍കിയത്. കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന എസ്എഫ്‌ഐ ബീഫ് ഫെസ്റ്റില്‍ മന്ത്രി പങ്കെടുത്തിരുന്നു. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ടെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല താന്‍. ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കായാണ് തങ്ങള്‍ പ്രതിരോധ പ്രക്ഷോഭം നടത്തുന്നത്. ബിജെപി ഇപ്പോള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു മാര്‍ക്കറ്റില്‍ മാടുകളെ പരസ്യമായി കഴുത്തറത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘപരിവാരവും കെ സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങള്‍ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സുരേന്ദ്രന്റെയും കൂട്ടരുടെയും ഓരോ നുണയുമെന്നും കടകംപള്ളി പറഞ്ഞിരുന്നു. താന്‍ കഴിച്ചത് പോത്തിറച്ചിയാണെന്ന് ബോധ്യപ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കടകംപള്ളി വല്ലാതെ ശ്രമിക്കുന്നതായും കാണാം. ‘ബീഫ് എന്നാല്‍ പശുവിറച്ചി എന്നത് സംഘ പരിവാര്‍ പ്രചാരണമാണ്. കാളയും പോത്തുമെല്ലാം മാട്ടിറച്ചി അഥവാ ബീഫ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. കറവ വറ്റിയ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കാറുണ്ട്. ഇവിടെ ബീഫ് എന്നാല്‍ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരും. ജാതി മത വ്യത്യാസമില്ലാതെ മലയാളികള്‍ ബീഫ് കഴിക്കാറുണ്ട്’ ഇങ്ങനെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് തന്നെ.

ബീഫ് ഫെസ്റ്റിനെതിരെ കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രം വ്യാജമാണെന്ന ആരോപണവും കടകംപള്ളി ഉയര്‍ത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍പൂരില്‍ കാലികളെ കൊന്ന ചിത്രമാണേ്രത സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്. ഗൂഗിളില്‍ നിന്ന് ലഭിച്ച ചിത്രം, കേരളത്തില്‍ വ്യാപകമായി പശുക്കളെ കൊന്നുതള്ളുന്നുവെന്ന പേരില്‍ പ്രചരിപ്പിക്കാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നത് എന്ന ആരോപണം നവമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നുണ്ട്. കേന്ദ്രത്തിന്റെ കന്നുകാലി അറവ് നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതു വലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം അംഗീകൃത ഇറച്ചികടകളില്‍ നിന്നും വാങ്ങുന്നതല്ലെന്നും, പലരും നിയമം ലംഘിച്ചാണ് മേളകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളില്‍ ഭീതിയുളവാക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്, ഇത്തരം അവസരങ്ങള്‍ സാമൂഹ്യ വിരുദ്ധരും, തീവ്രവാദികളും മുതലെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും, മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

എന്തായാലും വിവാദമായ ഉള്ളിക്കറി ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന അവകാശവാദവുമായാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top