കേരളം പാക് അനുകൂലികളുടെ പറുദീസയാണെന്ന് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ (ഫയല്‍)

കൊച്ചി: മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാര്‍ച്ചില്‍ പൊലീസ് നിഷ്‌ക്രീയരായിരുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച സുരേന്ദ്രന്‍, മാര്‍ച്ചിനിടെ പൊലീസ് വാഹനത്തിന് മുകളില്‍ കയറി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതികരണം.

ജിഹാദികള്‍ ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറായില്ലെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ജിഹാദികള്‍ക്ക് പൂമാലയും പട്ടാളക്കാര്‍ക്ക് ആക്ഷേപവുമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. കേരളം പാക്കനുകൂലികളുടെ പറുദീസയാണെന്ന ഗുരുതര ആരോപണവും സുരേന്ദ്രന്‍ ഉന്നയിക്കുന്നു. ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാലാണെന്നും വന്ദേമാതരവും സൈനികരും ഹറാമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

അതേസമയം എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താലിന് മുസ്ലിം ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. ഹാദിയ വിവാഹ കേസിലെ ഹൊക്കോടതി വിധിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിലുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് എറണാകുളത്ത് മുസ്ലിം ഏകോപന സമിതി പ്രതിഷേധ മാര്‍ച്ച നടത്തിയത്. എന്നാല്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ട് കോളേജിനു സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മാര്‍ച്ച് തുടരുകയായിരുന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി.

വൈക്കം സ്വദേശിയായ അഖില എന്ന യുവതിയുടെ വിവാഹമാണ് കോടതി റദ്ദാക്കിയത്. 2013ല്‍ അഖില മുസ്ലിം മതത്തിലേക്ക് മാറുകയും ഫാഹിദ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഷെഫിന്‍ ജഹാന്‍ എന്നയാളെ ഫാഹിദ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയത് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം റദ്ദാക്കി. ഫാഹിദയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. മകളെ മതം മാറ്റി സിറിയയില്‍ ഐസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമെന്ന് വരെ നീണ്ടിരുന്നു പിതാവിന്റെ ആരോപണങ്ങള്‍. അസാധാരണമെന്ന് വിലയിരുത്തപ്പെട്ട വിധി രാജ്യവ്യാപകമായിത്തന്നെ ചര്‍ച്ചയായിരുന്നു.

കോടതി ഉത്തരവ് പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ഏകോപന സമതി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ആ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ജിഹാദികളാണെന്നും, ഹൈക്കോടതിയെ തെറിവിളിച്ചിട്ട് പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് കെ സുരേന്ദ്രന്റെ ആരോപണം.

DONT MISS
Top