‘നമ്പര്‍ വണ്‍’ അട്ടിമറിയോടെ ഫ്രഞ്ച് ഓപ്പണിന് തുടക്കം: ടോപ്സീഡ് കെര്‍ബര്‍ പുറത്ത്

പാരീസ്: റോളണ്ട് ഗാരോസ് കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിലൂടെ ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിന് തുടക്കമായി. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ആജ്ഞലിക്ക കെര്‍ബറാണ് ആദ്യദിനത്തിലെ അട്ടിമറിയുടെ ഇര. റഷ്യയുടെ നാല്‍പ്പതാം റാങ്കുകാരി ഏകതരീന മക്കറോവയാണ് കെര്‍ബറെ ഞെട്ടിച്ചത്. വനിതാ വിഭാഗത്തില്‍ ക്വിറ്റോവ, കുസ്‌നെറ്റ്‌സോവ എന്നിവരും പുരുഷ വിഭാഗത്തില്‍ ഡൊമനിക് തീം, ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ ആദ്യ റൗണ്ടില്‍ വിജയം നേടി.

എതിരില്ലാത്ത സെറ്റുകള്‍ക്കായിരുന്നു മക്കറോവ നമ്പര്‍ വണ്‍ താരത്തെ കെട്ടുകെട്ടിച്ചത്. സ്‌കോര്‍ (6-2, 6-2). 1968 ന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ അദ്യ റൗണ്ടില്‍ പുറത്താകുന്ന ടോപ് സീഡാണ് കെര്‍ബര്‍. തുടര്‍ച്ചയായി നാലുതവണ കെര്‍ബറുടെ സെര്‍വ്വ് ഭേദിച്ചാണ് മക്കറോവ വിജയം സ്വന്തമാക്കിയത്.

എട്ടാം സീഡ് റഷ്യയുടെ സ്വെറ്റ്‌ലേന കുസ്‌നെറ്റ്‌സോവ അമേരിക്കയുടെ ക്രിസ്റ്റീന മക്‌ഹെയിലിനെയാണ് ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ (7-5, 6-4). ചെക്ക് താരം പെട്രാ ക്വിറ്റോവ അമേരിക്കയുടെ ജൂലിയ ബോസറപ്പിനെ (6-3, 6-2) തകര്‍ത്തു. വീട്ടില്‍ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ക്വിറ്റോവ. അതേസമയം 31 ആം സീഡ് ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി ആദ്യ റൗണ്ടില്‍ പുറത്തായി. പ്യുര്‍ട്ടോറിക്കയുടെ മോണിക്ക പ്യൂഗിയാണ് വിന്‍സിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മടക്കിയത്. സ്‌കോര്‍ 6-3, 3-6, 6-2.

പുരുഷ വിഭാഗത്തില്‍ ആറാം സീഡ് ഡൊമനിക് തീം ഓസ്‌ട്രേലിയയുടെ ബെര്‍ണാഡ് ടോമിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (6-4, 6-0, 6-2). പതിനൊന്നാം സീഡ് ദിമിത്രോവ് ഫ്രാന്‍സിന്റെ സ്റ്റെഫാന്‍ റോബര്‍ട്ടിനെ (6-2, 6-3, 6-4) തോല്‍പ്പിച്ചു. പത്തൊന്‍പതാം സീഡ് ആല്‍ബര്‍ട്ട് റാമോസ്, ഇവാന്‍ കാര്‍ലോവിക്, ഗിലെര്‍മോ ലോപസ് എന്നിവരും ആദ്യ റൗണ്ടില്‍ വിജയം കണ്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top