ഹൈദരാബാദില്‍ ദുരഭിമാനക്കൊല, ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യാ പിതാവ് കൊലപ്പെടുത്തി

കൊലചെയ്യപ്പെട്ട അംബോജി നരേഷ്

ഹൈദരാബാദ്: ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തി. 23 വയസ്സുളള അംബോജി നരേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നരേഷിനെ ഒരു മാസത്തോളമായി കാണാനില്ലായിരുന്നു. ഭാര്യ തുമാല സ്വാതിയെ കൊണ്ട് വിളിച്ചുവരുത്തിയാണ് യുവാവിനെ കൊലചെയ്തത്. സംഭവത്തില്‍ സ്വാതിയുടെ പിതാവ് ശ്രീനിവാസ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ നരേഷിനെ കാണാനില്ലെന്നു കാണിച്ച് ശ്രീനിവാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നരേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മെയ് രണ്ടിന് സ്വാതിയെ ഭീഷണിപ്പെടുത്തി ശ്രീനിവാസ റെഡ്ഡി നരേഷിനെ വിളിച്ചു വരുത്തുകയും സ്വാതിയുടെ മുന്നില്‍വെച്ച് റെഡ്ഡിയും സഹോദരങ്ങളും ചേര്‍ന്ന് നരേഷിനെ കൊലപ്പെടുത്തുകയുമായിരുന്നു. നരേഷിനെ കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചു കളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മകനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നരേഷിന്റെ മാതാപിതാക്കളും പെലീസില്‍ പരാതി നല്‍കി. രണ്ട് മാസം മുന്‍പാണ് നരേഷിന്റെയും സ്വാതിയുടെയും വിവാഹം കഴിഞ്ഞത്. നരേഷിന്റെ അമ്മാവന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ഇരുവരും തിരിച്ചെത്തിയാല്‍ മാത്രമേ പൊലീസ് വിട്ടയക്കൂവെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് നരേഷും സ്വാതിയും നാട്ടിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ മുംബൈയില്‍ എത്തിയപ്പോള്‍ നരേഷിനെ കാണാതാകുകയും സ്വാതിയെ വീട്ടുകാര്‍ കൂട്ടികൊണ്ടുപോകുകയുമായിരുന്നു.

DONT MISS
Top