യോര്‍ഗെ സാംപോളി അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍; ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും

യോര്‍ഗെ സാംപോളി ( ഫയല്‍ ചിത്രം)

ബ്യൂണസ് അയേഴ്‌സ് : അര്‍ജന്റീന ദേശീയ ടീം പരിശീലകനായി യോര്‍ഗെ സാംപോളി ചുമതലയേല്‍ക്കും. സെവിയ്യ പരിശീലകനായ സാംപോളിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബും, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും ധാരണയിലെത്തി. ഇതുസംബന്ധിച്ച കരാറില്‍ ജൂണ്‍ ഒന്നിന് ഒപ്പിടുമെന്ന് സെവിയ്യ ടീം മാനേജ്‌മെന്റ് അറിയിച്ചു.


ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ എഡ്വാര്‍ഡോ ബ്രൗസയെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേയ്ക്കാണ് ചിലി മുന്‍ പരിശീലകനും, അര്‍ജന്റീന മുന്‍ മിഡ്ഫീല്‍ഡറുമായിരുന്ന സാംപോളി നിയമിതനാകുന്നത്. പരിശീലകനെ വിട്ടുകിട്ടുന്നതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ 11.5 കോടി രൂപ സെവിയ്യയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അര്‍ജന്റീന ടീമിന്റെ മോശം പ്രകടനമാണ് ബ്രൗസയ്ക്ക് വിനയായത്. മാര്‍ച്ചില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ ബൊളീവിയയോട് മുന്‍ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ ദുഷ്‌കരമാകുകയും ചെയ്തു. ലാറ്റിനമേരിക്കയില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്. മേഖലയില്‍ നിന്നും ആദ്യ നാലു സ്ഥാനക്കാരാണ് യോഗ്യത നേടുന്നത്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് ടീമിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് സാംപോളിയുടെ മുന്നിലുള്ള വലിയ ദൗത്യം. മെസ്സി അടക്കമുള്ള വന്‍താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും സാംപോളിയുടെ വിജയത്തിന് പ്രധാന ഘടകമാകുക.

ജൂണ്‍ ഒമ്പതിന് ബ്രസീലിനെതിരായ സൗഹൃദമല്‍സരത്തോടെയാകും സാംപോളിയുടെ അര്‍ജന്റീന പരിശീലക കുപ്പായത്തിലെ അരങ്ങേറ്റമെന്നാണ് സൂചന. നെയ്മര്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ബ്രസീലിനെതിരെ വിജയിച്ച് ടീമിന്റെ ആത്മവിശ്വാസവും ഒത്തിണക്കവും വീണ്ടെടുക്കുകയാകും സാംപോളി ആദ്യമായി ശ്രമിക്കുക. തുടര്‍ന്ന് സിംഗപ്പൂരിനെതിരെയും സൗഹൃദമല്‍സരത്തില്‍ അര്‍ജന്റീന കളിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top