എംടി -മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത’യിലെ കര്‍ണനെ നിശ്ചയിച്ചു ?

മോഹന്‍ ലാല്‍, എംടി

ദില്ലി : ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-എംടി ചിത്രം മഹാഭാരതയിലെ കര്‍ണന്‍ ആരാകും എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തീരുന്നു ? സിനിമയില്‍ കര്‍ണനായി തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന അഭിനയിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.


ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തിരക്കഥാകൃത്ത് എംടി തന്നെ സമീപിച്ചതായി നാഗാര്‍ജുന വ്യക്തമാക്കി. ചിത്രം ഒരുക്കുന്നതിനായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ നാലുവര്‍ഷമായി പരിശ്രമത്തിലാണെന്ന് അറിയാം. രണ്ടു വര്‍ഷം മുമ്പ് എംടി തന്റെ ഡേറ്റ് ചോദിച്ചിരുന്നു.

ഏതാനും ദിവസം മുമ്പ് എംടി വീണ്ടും തന്നെ വിളിച്ചെന്നും,  ചിത്രത്തില്‍ പ്രാധാന്യമുള്ള റോള്‍ ആണെങ്കില്‍ അഭിനയിക്കാമെന്ന് താന്‍ അറിയിച്ചെന്നും നാഗാര്‍ജുന വ്യക്തമാക്കി. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് തന്റേതെന്ന് എംടി പറഞ്ഞു. ചുതിയ ചിത്രമായ ആര്‍ജിജിയ്ക്ക് ശേഷമാകും മഹാഭാരതയില്‍ അഭിനയിക്കുക. പ്രോജക്ട് സംബന്ധിച്ച അന്തിമചിത്രത്തിനായി കാത്തിരിക്കുകയാണെന്നും, അതിനുശേഷം കൂടുതല്‍ വ്യക്തമാക്കാമെന്നും നാഗാര്‍ജുന അറിയിച്ചു.

നാഗാര്‍ജ്ജുന ( ഫയല്‍ ചിത്രം )

ഭീമനെ കേന്ദ്രകഥാപാത്രമാക്കി എംടി രചിച്ച രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാഭാരത. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ് ഭീമനായി വേഷമിടുന്നത്. 1000 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം ബി ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. പ്രശസ്ത പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മഹാഭാരതയുടെ സംവിധാനം.

മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ് ,തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലേയ്ക്ക് അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, അമീര്‍ ഖാന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top