രാജീവ്ഗാന്ധി വധം: നളിനി മുരുകന്‍ മോചനം ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശകമ്മീഷനില്‍

നളിനി മുരുകന്‍ [ഫയല്‍]

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി മുരുകന്‍ തന്റെ മോചനം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.  ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കാത്തത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് ഐക്യരാഷ്ട്രസഭ ഇടപെട്ട് തന്നെ ജയില്‍ മോചിതയാക്കാനുളള നടപടികള്‍ കൈകൊള്ളണമെന്നും നളിനി നിവേദനത്തില്‍ പറയുന്നു.

16 വര്‍ഷമായി താന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.  കാലാവധി കഴിഞ്ഞിട്ടും താന്‍ ശിക്ഷ അനുഭവിക്കുകയാണ്. യോഗ്യതയുണ്ടായിട്ടും തന്റെ മോചനത്തിന് ശ്രമിക്കാത്ത കേന്ദ്രസര്‍ക്കാരും, തമിഴ്‌നാട് സര്‍ക്കാരും  തന്നോട് വിവേചനം കാണിക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തില്‍ നളിനി പറയുന്നു.

ഗാന്ധി വധക്കേസ് ഗൂഢാലോചനയില്‍ പിടിയിലായ ഗോപാല്‍ വിനായക് ഗോഡ്‌സയെ ശിക്ഷാകാലാവധി കഴിഞ്ഞ് വിട്ടയിച്ചിട്ടും തനിക്കെന്തുകൊണ്ട് ഈ വിവേചനമെന്നും നളിനി ചോദിക്കുന്നു. മറ്റ് പ്രതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്നും, ശിക്ഷാകാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കാത്തത് ഭരണഘടന ലംഘനമാണെന്നും നളിനി പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന നളിനിയുടെ ശിക്ഷ 2000ല്‍ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ജീവപര്യന്തമായി കുറച്ചത്. 2008 ല്‍ പ്രിയങ്ക ഗാന്ധി നളിനിയെ വെള്ളൂര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്‍പ് ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് നളിനി നിരവധി തവണ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് മദ്രാസ് ഹൈക്കോടതി നളിനിയുടെ വിഷയത്തില്‍ നടപടിയെടുത്തില്ല.

നളിനിയടക്കം ശ്രീഹരന്‍ എന്ന മുരുകന്‍, എ ജി പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍,റോബോര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നീ ഏഴ് പേരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top