ചൈനയുടെ അതിര്‍ത്തിയില്‍ കാണാതായ ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്നത് കോഴിക്കോട് സ്വദേശിയായ പൈലറ്റ്

പ്രതീകാത്മക ചിത്രം

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിയിലായി കാണാതായ സുഖോയ്-30 ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയെന്ന് റിപ്പോര്‍ട്ട്. പന്തീരാങ്കാവ് പന്നീയൂര്‍ക്കുളം സ്വദേശിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവി(25)നെയാണ് കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റൊരാള്‍. ജെറ്റ് വിമാനം കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് സൈന്യം.

പന്നിയൂര്‍ക്കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്. ഐഎസ്ആര്‍ഒ ജീവനക്കാരനായിരുന്ന ഇദ്ദേഹം നിലവില്‍ തിരുവനന്തപുരത്താണ് താമസം. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അസമിലെ തേസ്പുര്‍ വ്യോമസേന താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരിശീലന പറക്കലിനിടെ സുഖോയ് 30 ജെറ്റ് വിമാനം കാണാതായത്. തേസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, എകദേശം 11.30ഓടെയാണ് വിമാനവുമായി അവസാനം ആശയവിനിമയം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരത്തിലാണ് തേസ്പൂര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനിലെ ബാര്‍മറില്‍ ഒരു സുഖോയ് 30 വിമാനം തകര്‍ന്നുവീണിരുന്നു. പൈലറ്റുമാര്‍ രക്ഷപെടുകയും ചെയ്തിരുന്നു. ഇതുവരെയും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു നഷ്ടപ്പെട്ടത് 7 സുഖോയ് 30 വിമാനങ്ങളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top