സാറ്റ്‌ലൈറ്റ് ഫോണ്‍ സേവനവുമായി ബിഎസ്എന്‍എല്‍

ഫയല്‍ചിത്രം

ദില്ലി: പൊതുമേഖല ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ സേവനരംഗത്തേക്ക് തിരിയുന്നു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും സേവനം ലഭ്യമാകുക. പിന്നീട് പൊതുജനങ്ങള്‍ക്കും സേവനം ലഭ്യമാക്കും. ഇന്‍മാര്‍സാറ്റ് എന്ന സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ സഹായത്തോടെയാണ് ബിഎസ്എന്‍എല്‍ സാറ്റ്‌ലൈറ്റ് സേവനം ലഭ്യമാക്കുന്നത്.

ആദ്യഘട്ടത്തില്‍ സംസ്ഥാന പൊലീസ് സേനകള്‍, റെയില്‍വേ, ബിഎസ്എഫ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്ക്കാണ് സാറ്റ്‌ലൈറ്റ് ഫോണുകള്‍ ലഭ്യമാകുകയെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കി. പിന്നീട് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  കപ്പലിലോ, വിമാനത്തിലോ യാത്ര ചെയ്യുമ്പോഴും സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഉപയോഗിക്കാനാകും.

നിലവില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളില്ലാത്ത പ്രദേശങ്ങളിലായിരിക്കും സാറ്റ്‌ലൈറ്റ് ഫോണുകള്‍ അവതരിപ്പിക്കുകയെന്നും ഇതിനായി ഇന്‍മാര്‍സാറ്റിന്റെ 14 സാറ്റ്‌ലൈറ്റുകളെ കമ്പനി ഉപയോഗപ്പെടുത്തുമെന്നും ബിഎസ്എന്‍എല്‍ ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. സാറ്റ്‌ലൈറ്റ് ഫോണില്‍ കോളിങ് സൗകര്യത്തോടൊപ്പം എസ്എംഎസ് സേവനവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കടക്കം സാറ്റ്‌ലൈറ്റ് ഫോണുകളുടെ സേവനം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top