വിഴിഞ്ഞം തുറമുഖ കരാര്‍: അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ കരാറിലൂടെ അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരാര്‍ കാലാവധി നീട്ടി നല്‍കിയതില്‍ അപാതകതയില്ലെന്നും കരാര്‍ നീട്ടിനല്‍കിയത് ഏകപക്ഷീയമായ തീരുമാനമല്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം.

സിഎജി റിപ്പോര്‍ട്ടിലെ പരിശോധന ഏത്രയും വേഗം നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സിഎജി റിപ്പോര്‍ട്ടില്‍ എജിയുടെ നോട്ടപ്പിശകുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കരാര്‍ നല്‍കിയ ശേഷം അന്തിമ കരടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കരാര്‍ കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാര്‍ 40 വര്‍ഷമായി നീട്ടി നല്‍കിയതില്‍ ക്രമക്കേടില്ല. കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണ കാലയളവ് ഉള്‍പ്പെടെയാണ് ഇത്. എന്നാല്‍ 30 വര്‍ഷകരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി വരുന്നത്. ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനിതന്നെയാണ് മുടക്കേണ്ടത്. 40 വര്‍ഷ കരാറില്‍ പതിനഞ്ചാം വര്‍ഷം മുതല്‍ സംസ്ഥാനത്തിന് വരുമാനം ലഭിക്കും. ആദ്യ വര്‍ഷം ഒരു ശതമാനം, പിന്നീട് ഓരോ വര്‍ഷവും ഓരോ ശതമാനം കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഇതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ പത്ത് ശതമാനം ലാഭം കിട്ടും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല. ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയെ കുളച്ചല്‍ പദ്ധതിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുളച്ചിലിന്റെ എസ്റ്റിമേറ്റ് ആയിട്ടില്ല. ടെന്‍ഡര്‍ വിളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ വിഴിഞ്ഞത്തെ അപേക്ഷിച്ച് ചെലവ് കുറവാണ് കുളച്ചലിനെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരാറിലേര്‍പ്പെട്ടതില്‍ കുറ്റബോധം തോന്നുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതില്‍ അഭിമാനമേയുള്ളൂ. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ലകാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരാര്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

DONT MISS
Top