സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ റിലയന്‍സെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : എല്ലാ സേവനങ്ങള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ റിലയന്‍സെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ് ബിഐയെ പിന്‍സീറ്റില്‍ നിന്ന് നിയന്ത്രിക്കുന്നത് റിലയന്‍സ് കമ്പനിയാണ്. റിലയന്‍സുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്ന നടപടിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനവും നിര്‍വ്വഹിച്ചിരുന്നത് റിലയന്‍സാണ്. ബാങ്കിന്റെ നയം രൂപീകരിക്കുന്നതിനും, പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും റിലയന്‍സിന്റെ സ്വാധീനം വ്യക്തമാണ്. പൊതുമേഖലാ ബാങ്കുകളെ ഇല്ലാതാക്കി സ്വകാര്യ ബാങ്കുകളും വിദേശബാങ്കുകളും വ്യാപിപ്പിക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും കോടിയേരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തോടെ,  എല്ലാ സേവനങ്ങള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍, സബ്സിഡികള്‍ തുടങ്ങിയവ ബാങ്കുവഴി ലഭിക്കുന്നവരെല്ലാം  സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടിവരികയാണ്.

കേന്ദ്രസര്‍ക്കാര്‍ പുതുതായി ആരംഭിച്ച 23 ബാങ്കുകളും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ ബാങ്കില്‍ 74 ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിച്ചിട്ടുമുണ്ട്. ഇത്തരം ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ, ചെറുകിട കച്ചവടക്കാര്‍ക്കുള്ള വായ്പ എന്നിവ നല്‍കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ  നടപടി ജനകീയ ബാങ്കിംഗ് സംവിധാനത്തെ തകര്‍ക്കുന്നതാണ്.  കോളേജുകളിലും സ്കൂളുകളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിനും മറ്റും ബാങ്കുവഴി ഫീസ് അടയ്ക്കേണ്ടി വരുന്നവര്‍ക്കും, കച്ചവടക്കാര്‍ക്കും  സര്‍വീസ് ചാര്‍ജ്ജ് വലിയ പ്രയാസമാണ്  ഉണ്ടാക്കിയിട്ടുള്ളത്. ഈ തീരുമാനം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ഇടപെടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top