രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദില്ലി: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരാമെന്നും പാര്‍ട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഗഡ്കരി പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി രജനീകാന്തിന്റെ കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്.

“വളരെയധികം പിന്തുണയുള്ള വ്യക്തിയാണ് രജനികാന്ത്. അതിനൊപ്പം മികച്ചൊരു മനുഷ്യസ്‌നേഹിയുമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു അഭ്യുദയകാംക്ഷിയാണ്. അദ്ദേഹം എപ്പോള്‍ തയ്യാറാണോ അപ്പോള്‍ അദ്ദേഹത്തിന് ബിജെപിയില്‍ ചേരാം”. ഗഡ്കരി പറഞ്ഞു.

രജനി തമിഴനല്ലാത്തതിനാല്‍ അദ്ദേഹം തമിഴ്‌നാട് രാഷ്ട്രീയത്തിന് യോജിച്ചയാളല്ലെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായത്തെ ഗഡ്കരി തള്ളി. “സ്വാമിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ട്. അതില്‍ പ്രതികരിക്കാന്‍ ഞാനില്ല. എന്നാല്‍ രജനീകാന്തിന്റെ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ബിജെപി അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കും”. ഗഡ്കരി പറഞ്ഞു.

നിലവില്‍ രജനീകാന്തിനെ കാണാന്‍ പദ്ധതിയില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ വളരെ സജീവമായിരിക്കുന്ന സമയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിനിടെ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയാണ് പ്രതിഷേധം നടത്തിയത്. കര്‍ണാടകക്കാരനായ ഒരാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം.

DONT MISS
Top