തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം;പ്രതിഷേധക്കാര്‍ മനേക ഗാന്ധിയുടെ കോലം കത്തിച്ചു

പ്രതിഷേധക്കാര്‍ മനേക ഗാന്ധിയുടെ കോലം കത്തിക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. തെരുവ് നായ്ക്കള്‍ പെരുകുമ്പോഴും സര്‍ക്കാര്‍ അലംഭാവം തുടരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പുല്ലുവിളയില്‍ റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ തെരുവ് നായ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

ഇന്നെലെ രാത്രിയാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശി ജോസ്‌ക്ലിന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ജോസ്‌ക്ലിന്റെ വയറിന് ഗുരുതരമായ പരുക്കേറ്റിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോസ്‌ക്ലിന്‍ ആഹാരം കഴിച്ചശേഷം തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ് ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്. ഉടന്‍ തന്നെ നാട്ടുകാര്‍ ജോസ്‌ക്ലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ശിലുവമ്മയെന്ന സ്ത്രീ മരിച്ചിരുന്നു. പ്രാഥമിക കൃത്യത്തിനായി പുറത്തിറങ്ങവെയാണ് അവര്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായത്. ഇവരുടെ അയല്‍വാസിയാണ് ഇപ്പോള്‍ തെരുവുനായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജോസ്‌ക്ലിന്‍.

DONT MISS
Top