സംസ്ഥാനത്ത് പനി നിയന്ത്രണവിധേയം; പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നു

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.  സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഇപ്പോള്‍ ആശങ്കാകരമായ നിലയില്‍ ഇല്ലെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെകെ ശൈലജ അറിയിച്ചു.

സംസ്ഥാനത്തെ ഒരു ആശുപത്രികളില്‍ പോലും മരുന്നില്ലാത്ത അവസ്ഥയില്ല. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് എത്തിച്ചിട്ടുണ്ട്.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. പനി ബാധിച്ച് സംസ്ഥാനത്ത് 40 പേരാണ് മരിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും  ആരോഗ്യമന്ത്രി പറഞ്ഞു. വകുപ്പിലെ കാര്യങ്ങളില്‍ ഉപദേശത്തിനായി  വേണമെങ്കില്‍ ആരോഗ്യ വകുപ്പിനും പ്രത്യേക ഉപദേഷ്ടാവിനെ വെയ്ക്കാമെന്ന തരത്തിലുള്ള കുത്തുവാക്ക് തന്നോട് പറയേണ്ടെന്ന് കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ അടക്കമുള്ള പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ വി എസ് ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 28 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഒന്നരലക്ഷത്തോലം പേരാണ് പനിയ്ക്ക് ചികില്‍സ തേടി ആശുപത്രികളിലുള്ളത്.  പനി നിയന്ത്രണ വിധേയമാക്കുന്നതില്‍ ആരോഗ്യ വകുപ്പ് പരാജയമാണ്. പനി പ്രതിരോധിക്കുന്ന നടപടികളെടുക്കുന്നതില്‍ ആരോഗ്യവകുപ്പിന് ഏകോപനമില്ല. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. പനി ബാധിച്ച് ജനങ്ങള്‍ മരിക്കുമ്പോഴും, ആരോഗ്യ വകുപ്പ് നിസ്സംഗത തുടരുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

 പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം  നല്‍കുന്ന കാര്യത്തില്‍ പോലും ആരോഗ്യവകുപ്പ് പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇവര്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വകുപ്പിലെ കാര്യങ്ങളില്‍ ഉപദേശത്തിനായി  വേണമെങ്കില്‍ ആരോഗ്യ വകുപ്പിനും പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കാമെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

DONT MISS
Top