തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കിന് 800 കോടി രൂപയോളം പിഴ ചുമത്തി യുറോപ്യന്‍ യൂണിയന്‍: ഫെയ്‌സ്ബുക്ക് ഇത്രയും ഭീമമായ തുക പിഴയായി നല്‍കേണ്ടിവരുന്നത് ആദ്യം

ഫയല്‍ചിത്രം

തെറ്റായ വിവരം  കൊടുത്തുവെന്നാരോപിച്ച് ഫെയ്‌സ്ബുക്കിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. 122 മില്ല്യണ്‍ ഡോളര്‍ തുക( ഏകദേശം 800 കോടി രൂപ)യാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ആദ്യമായാണ് ഫെയ്‌സ്ബുക്ക് ഇത്രയും ഭീമമായ തുക പിഴയായി നല്‍കേണ്ടിവരുന്നത്.

വാട്‌സ്ആപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്നാരോപിച്ചാണ് യുറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയിരിക്കുന്നത്. 2014ലാണ് വാട്‌സ് ആപ്പ് ഏറ്റെടുത്തുകൊണ്ടുള്ള  ഫെയ്‌സ്ബുക്കിന്റെ  നീക്കത്തിന് യുറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കുന്നത്. പിന്നീട് 2016ല്‍ ഫെയ്‌സ്ബുക്കുമായി ഡാറ്റ കൈമാറുമെന്ന് വാട്‌സ്ആപ്പും പ്രഖ്യാപിച്ചിരുന്നു.

വാട്‌സ്ആപ്പ് ഏറ്റെടുക്കുന്ന സമയത്ത്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഓട്ടോമാറ്റഡായി ബന്ധിപ്പിക്കില്ലെന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ വാദം. എന്നാല്‍ ഇതിനെതിരായി പുതിയ അപ്‌ഡേഷന്‍ പ്രകാരം വാട്‌സ്ആപ്പ് ഫോണ്‍ നമ്പറുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് കൊണ്ടുവരികയും, സ്വകാര്യത നയത്തില്‍ മാറ്റം വരുത്തുകയും ചെയ്തതിനാലാണ് യുറോപ്യന്‍ യൂണിയന്റെ നടപടി.

കഴിഞ്ഞ ആഗസ്റ്റിലാണ് സ്വകാര്യത നയത്തില്‍ ഫെയ്‌സ്ബുക്ക് മാറ്റം വരുത്തുന്നത്. ഇതില്‍ നടപടി യെടുത്തുകൊണ്ടാണ് ഫെയ്‌സ്ബുക്കിനെതിരെ യുറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയത്.

ഇതിനുമുന്‍പ് ഫെയ്‌സ്ബുക്കില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കടുത്ത നിലപാടുമായി ജര്‍മനി രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും അതിനു ശേഷം അടിസ്ഥാനരഹിതമാണെന്നറിഞ്ഞിട്ടം നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോ വ്യാജവാര്‍ത്തയ്ക്കും അഞ്ച് ലക്ഷം യൂറോയാണ് (ഏകദേശം 3.5 കോടി രൂപ) പിഴയായി ഈടാക്കാന്‍ ജര്‍മനി തീരുമാനിച്ചിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top