അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കൊച്ചിയ്ക്ക് ഫിഫയുടെ അംഗീകാരം

കൊച്ചി: ഫിഫ അണ്ടര്‍ 19 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മത്സരങ്ങള്‍ക്ക് സജ്ജമാണെന്ന് ഫിഫ അധികൃതര്‍ അഭിപ്രായപ്പെട്ടു. സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫിഫ പരിശോധക സംഘം തൃപ്തി രേഖപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കം ഒന്‍പത് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാവുക.

ഇന്ന് ഉച്ചയോടെയാണ് മത്സരം നടക്കുന്ന പ്രധാന വേദിയായ കലൂര്‍ സ്‌റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫിഫ സംഘം പരിശോധിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് കൊച്ചി തയ്യാറാണെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവീര്‍ സെപ്പി വ്യക്തമാക്കി.

കലൂരില്‍ 41,748 കാണികളെ മാത്രമേ അനുവദിക്കുള്ളൂവെന്ന് ഫിഫ സംഘം വ്യക്തമാക്കി. സുരക്ഷാകാരണങ്ങളാലാണ് ഇത്തരം നിയന്ത്രണമെന്നും സംഘം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാല്‍ എട്ട് മിനിട്ടിനുള്ളില്‍ എല്ലാവരേയും പുറത്തെത്തിക്കണം. അതിനാലാണ് കാണികളുടെ എണ്ണം 42,000 ല്‍ താഴെ നിജപ്പെടുത്തുന്നത്. ഗ്യാലറിയുടെ മൂന്നാം തട്ടില്‍ കാണികളെ അനുവദിക്കില്ലെന്നും സെപ്പി പറഞ്ഞു.

പരിശീലന മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടില്ല. അതിനാല്‍ത്തന്നെ ഇന്നത്തെ പരിശോധനയില്‍ കൊച്ചിയിലെ സംഘാടകര്‍ ആശങ്കയിലായിരുന്നു. ലോകകപ്പിന് വേദിയൊരുക്കാനുള്ള കൊച്ചിയിലെ പണികള്‍ പൂര്‍ത്തിയാക്കാന്‍ ഫിഫ അനുവദിച്ച സമയപരിധി ഈ മാസം 15 ന് അവസാനിച്ചിരുന്നു.

DONT MISS
Top