ബൊഫോഴ്‌സിന് ശേഷം ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ ഹോവിറ്റ്‌സേഴ്‌സും:പുറത്തുനിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത് 30 വര്‍ഷത്തിന് ശേഷം

ഫയല്‍ചിത്രം

ദില്ലി: മൂന്ന് പതിറ്റാണ്ടിന് ശേഷം പുറത്ത്‌നിന്നുള്ള പുതിയ പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബൊഫോഴ്‌സ് അഴിമതിക്ക് ശേഷം ആദ്യമായാണ് പുതിയ പീരങ്കികള്‍ സേനയിലേക്കെത്തുന്നത്. 145 എം 777 ഹോവിറ്റ്‌സേഴ്‌സാണ് അമേരിക്കയില്‍നിന്നും 700 മില്ല്യണ്‍ ഡോളര്‍ ചെലവിട്ട് ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ പോകുന്നത്.

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടക്കുന്ന പരീക്ഷണത്തിന് ശേഷം ഇവ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ബൊഫോഴ്‌സ് ആയുധ ഇടപാട് കഴിഞ്ഞ് 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്തുനിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്.

കഴിഞ്ഞ നവംബറിലാണ് ഇന്ത്യ അവസാനമായി അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കുള്ള കരാറില്‍ ഒപ്പുവെക്കുന്നത്. കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. 30 കിലോമീറ്റര്‍ ദൂരത്തില്‍ വരെ വെടിയുതിര്‍ക്കാന്‍ കഴിവുള്ളവയാണ് പുതിയ പീരങ്കികള്‍. ഏറ്റവും പുതിയ ആയുധങ്ങളും, സാങ്കേതിക വിദ്യയും സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ധിക്കും.

2021 ഓടേ 145 ആയുധങ്ങള്‍ സേനയുടെ ഭാഗമാക്കാനാണ് സൈന്യത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായി 25 എണ്ണം ഇറക്കുമതി ചെയ്യും, ബാക്കിയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. മഹീന്ദ്ര ഗ്രൂപ്പിനായിരിക്കും ഇതിന്റെ നിര്‍മാണചുമതല.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമ്പോള്‍, പുതിയ ആയുധങ്ങള്‍ സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടവും.

DONT MISS
Top