സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തിനരികെ; നിർണായക മത്സരത്തിൽ സെൽറ്റ വിഗോയ്ക്കെതിരെ റയലിന് വിജയം

ബലൈദോസ് : സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തിനരികില്‍. നിർണായക മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിന് എതിരെ നാലു ഗോളുകൾക്കാണ് റയല്‍ തോൽപ്പിച്ചത്. സെല്‍റ്റ ഹോം ഗ്രൌണ്ടായ ബലൈദോസില്‍ നടന്ന മല്‍സരത്തില്‍ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിലാണ് റയൽ വിജയം സ്വന്തമാക്കിയത്.

പത്താം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സെല്‍റ്റ വലകുലുക്കി ലക്ഷ്യം വ്യക്തമാക്കി. ഇടവേളയ്ക്ക് ശേഷം കളി തുടങ്ങി മൂന്നാം മിനുട്ടില്‍ വീണ്ടും നിറയൊഴിച്ച റൊണാള്‍ഡോ റയലിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി.

എന്നാല്‍ 69 ആം മിനുട്ടില്‍ ഗ്വിഡേറ്റിയിലൂടെ സെല്‍റ്റ ലീഡ് ഒന്നായി കുറച്ചു.  എന്നാല്‍  തൊട്ടടുത്ത നിമിഷം തന്നെ റയല്‍ തിരിച്ചടിച്ചു. 70 ആം മിനുട്ടില്‍ കരിം ബെന്‍സേമ നേടിയ ഗോളിലൂടെ റയല്‍ ലീഡ് തിരിച്ചു പിടിച്ചു. 88 ആം മിനുട്ടില്‍ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് 1-4 ന്റെ തകര്‍പ്പന്‍ വിജയം ഉറപ്പാക്കി.

ഇരട്ട ഗോള്‍നേട്ടത്തോടെ 368 ഗോളുകളുമായി യൂറോപ്യലെ അഞ്ച് പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റോണോള്‍ഡോ സ്വന്തമാക്കി. ഇംഗ്ലീഷ് ഫൂട്ബോളര്‍ ജിമ്മി ഗ്രീവ്സിന്‍റെ 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റൊണോള്‍ഡോ പഴങ്കഥയാക്കിയത്. റയല്‍കുപ്പായത്തില്‍ 403 ഗോള്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ലീഗില്‍ ഗോള്‍ നേട്ടം 24 ആക്കി ഉയര്‍ത്തി.

ലാലിഗയിലെ ഇപ്പോഴത്തെ പോയിന്റ് നില

വിജയത്തോടെ റയല്‍മാഡ്രിഡ്  പോയന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. 37 മത്സരങ്ങളില്‍നിന്ന് 90 പോയന്‍റാണ് നിലവില്‍ റയലിനുള്ളത്. ഞായറാഴ്ച നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ റയല്‍ മാഡ്രിഡ്, മലാഗയെ നേരിടും.  ഈ മല്‍സരത്തില്‍ സമനില നേടിയാല്‍ പോലും ബദ്ധവൈരികളായ ബാഴ്സലോണയെ പിന്തള്ളി റയലിന് കിരീടം നേടാനാകും. അഞ്ചു വര്‍ഷത്തിന് ശേഷം കിരീടം റയലിന്റെ ഷോകേസിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സിനദിന്‍ സിദാനും സംഘവും.
https://www.youtube.com/watch?v=rz5w_46RL_0

DONT MISS
Top