പച്ചകുത്താനും മായ്ക്കാനും ഇടയ്ക്കിടെ തോന്നുന്നവര്‍ക്ക് പാഠമായി ഒരു പെണ്‍കുട്ടി

പെസുദ, കഴുത്തന് താഴെയുള്ള ടാറ്റൂ മായ്ച്ച പാട്‌

പച്ചകുത്തല്‍ എന്നത് പണ്ടുമുതലേ പലരും ചെയ്തുവരുന്ന ഒരു സംഗതിതന്നെയാണെങ്കിലും അത് മായ്ച്ചുകളയാന്‍ ആരും താത്പര്യം കാണിച്ചിരുന്നില്ല. ഇപ്പോഴും എല്ലാവരുടെ മനസിലും പച്ചകുത്തണം എന്ന ആഗ്രഹം ഉണ്ടെങ്കിലും മായ്ച്ചുകളയാനാവില്ല എന്ന ഒരൊറ്റ കാരണമാണ് എല്ലാവരേയും പിന്തിരിപ്പിക്കുന്നതും. ഒരു തവണ പച്ചകുത്തിയാല്‍ പിന്നെ എപ്പോഴെങ്കിലും മായ്ച്ചുകളയാന്‍ തോന്നിയാല്‍ അത് നടന്നില്ലെങ്കിലോ എന്ന ഭയം.

എന്നാല്‍ സെലിബ്രിറ്റികള്‍ പച്ചകുത്തുന്നതും അത് മായ്ച്ചുകളയുന്നതും പതിവാക്കി. പ്ലാസ്റ്റിക് സര്‍ജറിയാണ് സെലിബ്രിറ്റികള്‍ ഇതിനായി ഉപയോഗിച്ചത്. പ്രേമം തകരുമ്പോള്‍ കാമുകന്റെയോ കാമുകിയുടേയോ പേര് മായ്ച്ചുകളയാനായി വഴികള്‍ തേടുന്ന സെലിബ്രിറ്റികളുടെ വാര്‍ത്തയും എല്ലാവരുടേയും മനസിലുണ്ട്. എന്നാല്‍ ടാറ്റൂ മായ്ക്കുന്ന ശീലമുള്ളവര്‍ ഈ തായ് വാന്‍ പെണ്‍കുട്ടിയുടെ കഥ മനസിലാക്കണം.

പെസുദ റേവ് എന്ന പെണ്‍കുട്ടിയാണ് ടാറ്റൂ മായ്ക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്. റോസാപ്പൂക്കള്‍ ഏറെ ഇഷ്ടമായിരുന്ന പെസുദ ശരീരത്തില്‍ റോസാപ്പൂവിന്റെതന്നെ ചിത്രം പച്ചകുത്താന്‍ തീരുമാനിച്ചു. കഴുത്തിന് തൊട്ടുതാഴെയുള്ള ഭാഗമാണ് പച്ചകുത്താന്‍ പെസുദ തിരഞ്ഞെടുത്തത്. അതിമനോഹരമായ ടാറ്റൂ അവര്‍ പതിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് പെസുദ ടാറ്റൂവിനെ വെറുത്തുതുടങ്ങി.

വസ്ത്രം ധരിച്ചാലും ടാറ്റൂവിനെ പൂര്‍ണമായും മറയ്ക്കാവില്ല എന്നതാണ് ഈ പെണ്‍കുട്ടിയെ ഏറെ വലച്ചത്. അതിനാല്‍ത്തന്നെ എങ്ങനെയും ടാറ്റൂ മായ്‌ച്ചേ തീരൂ എന്ന അവസ്ഥയിലായി പെസുദ. ലേസര്‍ ചികിത്സയോ പ്ലാസ്റ്റിക് സര്‍ജ്ജറിയോ ചെയ്യാനുള്ള ചെലവ് താങ്ങാനാവുന്നതിലുമപ്പുറം. പിന്നീടുള്ളത് രാസവസ്തുക്കള്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുന്ന റെജുവി രീതിയാണ്. അതുതന്നെ ഉപയോഗിക്കാന്‍ പെസുദ ഉറച്ചു.

എന്നാല്‍ റെജുവി പ്രയോഗിച്ച നിമിഷം മുതല്‍ പുകച്ചിലും വേദനയും ആരംഭിച്ചു. ടാറ്റൂ മൊത്തത്തില്‍ പറിഞ്ഞുപോയകൂടെ തൊലിയും പോയി. എന്നാല്‍ തൊലി പോയതിന്റെ മുറിവ് കരിഞ്ഞുമില്ല. മുറിവ് ഒരുവിധത്തില്‍ കളഞ്ഞപ്പോഴേക്കും തൊലിയില്‍ വലിയ പാട് അവശേഷിച്ചു. വെളുക്കാന്‍ തേച്ചത് പാണ്ടായി. ഇനി ഇത്തരം അബദ്ധം ആര്ക്കുമുണ്ടാകാതിരിക്കാനാണ് പെസുദ കാര്യങ്ങള്‍ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

DONT MISS
Top