സംപ്രേക്ഷണം തുടങ്ങി പത്താം ദിവസം റിപ്പബ്ലിക് ചാനലില്‍ രാജി; രാജിവെച്ചത് ബിസിനസ് റിപ്പോര്‍ട്ടര്‍; കൂടുതല്‍ ജീവനക്കാര്‍ രാജിവെച്ചേക്കുമെന്ന് സൂചന

ചൈതി നരൂല, അര്‍ണാബ് ഗോസ്വാമി

ദില്ലി: സംപ്രേക്ഷണം തുടങ്ങി പത്താം ദിവസം റിപ്പബ്ലിക് ചാനലില്‍ രാജി. ചാനലിലെ ബിസിനസ് റിപ്പോര്‍ട്ടറും അവതാരകയുമായ ചൈതി നരൂലയാണ് രാജിവെച്ചത്. ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈതിയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാനലിലെ മറ്റ് ചില ജീവക്കാരും രാജിവെക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സിഎന്‍എന്‍-ഐബിഎന്‍, ഇറ്റി നൗ, വിയോണ്‍ ടിവി ഉള്‍പ്പെടെയുള്ളവയില്‍ ബിസിനസ് റിപ്പോര്‍ട്ടറായും അവതാരകയായും ചൈതി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈതിയെ പുറത്താക്കിയെന്ന് ലോകമറിയാനാകും അര്‍ണാബ് ഗോസ്വാമി താല്‍പര്യപ്പെടുന്നതെന്ന് ചൈതിയുടെ ഒരു സുഹൃത്ത് പ്രതികരിച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും സുഹൃത്ത് പറഞ്ഞു. ചാനലിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്നും ടെക്‌നിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടെ ഉടന്‍ രാജിസമര്‍പ്പിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ചൈതിയുടെ രാജി സംബന്ധിച്ച് ചാനല്‍ പ്രതികരിച്ചിട്ടില്ല.

മെയ് ആറിനാണ് റിപ്പബ്ലിക് ചാനല്‍ ലോഞ്ച് ചെയ്തത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇതിന് സേഷം സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ വാര്‍ത്ത സംപ്രേഷണം ചെയ്‌തെങ്കിലും കാര്യമായി ചലനമുണ്ടാക്കാന്‍ റിപ്പബ്ലിക് ചാനലിനായില്ല.

ഗാന്ധി കുടുംബത്തെയാകെ വളര്‍ത്തുനായയെന്നും കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പെയെ പരാദമെന്നും അര്‍ണാബ് വിളിച്ചത് വിവാദനമായിരുന്നു. റിപ്പബ്ലിക് ചാനലിന്റെ അവതാരകരെ ബിജെപി ജേര്‍ണലിസ്റ്റുകള്‍ എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അര്‍ണാബിന്റെ അധിക്ഷേപം. ബിജെപിയില്‍ നിന്നും പണംവാങ്ങിയാണോ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് തത്സമയ ചര്‍ച്ചയില്‍ ചോദിക്കുകയും ചെയ്തിരുന്നു. കാഴ്ചക്കാരായി ആളെ കൂട്ടുന്നതിനായി കൃത്രിമത്വം കാട്ടുന്നതായി ചാനലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉടമകള്‍ ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലില്‍ നിന്നും ജീവനക്കാരി രാജിവെച്ചത്.

DONT MISS
Top